
തിരുവനന്തപുരം: ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ കേരളത്തില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കട്ടെയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ പ്രൊഫ. അമര്‍ത്യ സെന്‍. വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ ഇന്ന് ചൈനയുമായി താരതമ്യപ്പെടുത്താന്‍ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാന കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ ഈ മേഖലകളില്‍ ചൈനയെ വെല്ലാന്‍ കെല്‍പ്പുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ചിന്തിക്കേണ്ട അവസരമാണിതെന്നും കേരളീയം ഉദ്ഘാടന വേദിയില്‍ വീഡിയോ വഴി ആശംസ നേര്‍ന്നു സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. നേരത്തേ കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃക അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ സമയത്തും സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ട് അമര്‍ത്യസെന്‍ രംഗത്തെത്തിയിരുന്നു.
കേരളത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുന്ന ഒരു ദശാസന്ധിയാണ് ഈ കൊവിഡ് മഹാമാരി എന്നും ചുവപ്പുനാടയുടെ പ്രതിബന്ധങ്ങളെ ഫലപ്രദമായി നേരിട്ടുകൊണ്ട് കേരള സര്‍ക്കാര്‍ ഈ മഹാമാരിയോട് പോരാടുന്നത് മറ്റേതൊരു ഭരണകൂടത്തിനും മാതൃകയാണ് എന്നുമാണ് അമര്‍ത്യാസെന്‍ അന്ന് പറഞ്ഞത്. അതേസമയം കേരളത്തില്‍ ആയിരിക്കുമ്പോള്‍ സ്വന്തം വീട് പോലെ തോന്നുന്ന അനുഭവമാണെന്നും ശാന്തി, സമാധാനം, സാഹോദര്യം എന്നിവയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന കേരളത്തിന്റെ കരുത്ത് മികച്ച വിദ്യാഭ്യാസമാണെന്നും സരോജ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലി ഖാന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് സംഗീത പരിശീലന സ്ഥാപനം തുടങ്ങാന്‍ ക്ഷണിച്ച സംസ്ഥാന സര്‍ക്കാരിന് പ്രത്യേകം നന്ദി പറഞ്ഞ അദ്ദേഹം കേരളീയത്തിന് സംഗീതാര്‍ച്ചന നേരാന്‍ മക്കളും കൊച്ചുമക്കളുമൊത്ത് കേരളത്തില്‍ വരാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. മലയാളികളുടെ ജനാധിപത്യ ബോധം, ഇടകലര്‍ന്ന ജീവിതരീതി എന്നിവയെ പ്രശംസിച്ച കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ, സാംസ്‌കാരിക വൈവിധ്യങ്ങളിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന ഒരു ജനതയുടെ ഏഴ് ദിനങ്ങള്‍ നീളുന്ന ആഘോഷമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും പറഞ്ഞു.












