
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സേവനം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നിന് ആരംഭിക്കും. മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫീസുകളിലാണ് കെ സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നത്. പഞ്ചായത്തുകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ട് വന്ന് അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യം ഇനിയുണ്ടാകില്ല.
മിക്കവരും പ്രതിസന്ധി നേരിടുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകള്‍ക്കും ഇനി കെ സ്മാര്‍ട്ടിനെ ആണ് ആശ്രയിക്കേണ്ടത്. നിലവില്‍ സ്വകാര്യ സോഫ്റ്റ് വെയറിലൂടെയാണ് അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. ഈ സേവനം അവസാനിപ്പിച്ചു. നേരത്തെ അപേക്ഷ നല്‍കിയവരുടെ തുടര്‍ നടപടികള്‍ ഈ സോഫ്റ്റ് വെയര്‍ വഴി തന്നെ തീര്‍പ്പാക്കും. സ്വകാര്യ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സ്വകാര്യ ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷകള്‍ ഉദ്യോഗസ്ഥരുടെ കൈവശം എത്തിയിരുന്നത്. ഇനി 3000 ചതുരശ്ര അടിയില്‍ താഴെയുള്ള കെട്ടിട നിര്‍മാണ പെര്‍മിറ്റ് മിനുട്ടുകള്‍ക്കകം ലഭ്യമാകും. 3000 ചതുരശ്ര അടിക്ക് മുകളിലുള്ളത് പരിശോധനകള്‍ക്ക് ശേഷമാകും അനുമതി നല്‍കുക.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ സ്മാര്‍ട്ട്. ഓഫീസുകളില്‍ പോകാതെ തന്നെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും.













