‘സ്ത്രീധനം ചോദിച്ചിട്ടില്ല, പഠനം കഴിഞ്ഞ് മാത്രം വിവാഹമെന്നാണ് പിതാവ് പറഞ്ഞത്’; റുവൈസിന്റെ ജാമ്യഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റുവൈസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. താനും ഷഹനയുമായി വിവാഹാലോചന മാത്രമാണ് നടന്നതെന്ന് റുവൈസിന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. വിവാഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ നടത്താന്‍ കഴിയൂ എന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഷഹന അതിനു തയ്യാറായിരുന്നില്ലെന്നും റുവൈസിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.

പിതാവ് പറഞ്ഞതനുസരിക്കാതെ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ഷഹന ചെയ്തതെന്നും റുവൈസ് പറയുന്നു. താന്‍ ഷഹനയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ആരോപിച്ച് ഇരയോ അവളുടെ ബന്ധുക്കളോ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടില്ലെന്നും ജാമ്യ ഹര്‍ജിയില്‍ റുവൈസ് പറയുന്നു.

തനക്കെതിരായ കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്നും ഇക്കാരണങ്ങളുടെ പേരിലാണ് തന്നെ ഈ കേസില്‍ കുടുക്കാനുള്ള ശ്രമം നടത്തുന്നതെന്നും റുവൈസ് ജാമ്യാപേക്ഷയില്‍ പറയുന്നു. തന്നെ നിലവില്‍ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും ജാമ്യം അനുവദിച്ചില്ലെങ്കില്‍ തന്റെ ഭാവി നഷ്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

റുവൈസിന്റെ ജാമ്യാപേക്ഷ നേരത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഡിസംബര്‍ 20ന് അപേക്ഷ വീണ്ടും പരിഗണിക്കും. കേസിലെ രണ്ടാം പ്രതി റുവൈസിന്റെ പിതാവിന് പ്രായം പരിഗണിച്ച് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധനം ആവശ്യപ്പെട്ടതിന് പിഴ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിരിക്കുന്നത്.