
ന്യൂഡല്‍ഹി: ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ നേരിട്ട് വിളിച്ച് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ തുടരുന്ന ഭീകരതയിലും സംഘര്‍ഷത്തിലും മഹമ്മൂദ് അബ്ബാസിനെ ആശങ്ക അറിയിച്ചുവെന്ന് മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. പലസ്തീന്‍ ജനതയ്ക്ക് തുടര്‍ന്നും എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാസയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ഇന്ത്യ ആശങ്ക അറിയിക്കുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഘര്‍ഷം തുടരുന്നതിനിടെ കൊല്ലപ്പെടുന്നത് സാധാരണക്കാരാണ്. ഗാസയില്‍ അന്താരാഷ്ട്ര മാനുഷിക നിയമം കര്‍ശനമായി പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അഞ്ഞൂറോളം പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം ആക്രമണത്തിനിരയായി. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിനു തൊട്ടു പിന്നാലെ ഇന്ത്യഇസ്രയേലിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനെതിരെ അറബ് രാജ്യങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നതോടെ ഇന്ത്യ നിലപാട് മയപ്പെടുത്തുന്നതാണ് കണ്ടത്. ഇപ്പോഴാകട്ടെ പലസ്തീൻ പ്രസിഡൻ്റിനെ ഫോണിൽ വിളിക്കുന്നിടത്തു വരെ എത്തി.















