രാജ്യത്തെ അഭിസംബോധന ചെയ്യവേ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണ്ഡലപുനർനിർണയം ചില സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റ് നില ഒരേ അനുപാതത്തിൽ ആയിരിക്കും വർധിക്കുകയെന്നും സ്ത്രീകളുടെ അവകാശങ്ങൾ കൊള്ളയടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവർക്കും ഒരു അവസരമായിരുന്നു. ബില്ല് പാസായാൽ കേരളത്തിലും തമിഴ്നാട്ടിലും ബീഹാറിലും ബംഗാളിലും സീറ്റുകൾ വർധിക്കുമായിരുന്നു. ഡിഎംകെയ്ക്ക് കൂടുതൽ തമിഴരെ പാർലമെന്റിലേക്ക് കൊണ്ടുവരാമായിരുന്നു. തൃണമൂൽ കോൺഗ്രസിനും ഇതേ അവസരം ഉണ്ടായിരുന്നു. സമാജവാദി പാർട്ടിക്കും സാധിക്കുമായിരുന്നു, കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും സീറ്റ് വര്‍ധിക്കുമായിരുന്നു. എന്നാൽ ഇവർ സ്വന്തം സംസ്ഥാനങ്ങളെയാണ് വഞ്ചിച്ചത്. കോൺഗ്രസ് വികസനങ്ങളെയും പരിഷ്കാരങ്ങളെയും എതിർക്കുന്ന പാർട്ടിയാണ്. യു.പിയിലെ ജനങ്ങള്‍ സമാജ് വാദി പാർട്ടിയോട് പൊറുക്കില്ല. ഡിഎംകെ തമിഴ്നാടിനെ വഞ്ചിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
മുത്തലാഖ് നിരോധിക്കുന്നതും ആർട്ടിക്കിൾ 370 റദ്ദാക്കുന്നതും UCC യും കോൺഗ്രസ് എതിർത്തു. പരിഷ്കാരങ്ങൾ എന്ന് കേട്ടാലേ കോൺഗ്രസിന് വെറുപ്പാണ്. ഡിജിറ്റല്‍ പണമിടപാട്, ജി.എസ്.ടി എന്നിവയെ കോണ്‍ഗ്രസ് എതിര്‍ത്തു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നു. എസ്.ഐ.ആറിനെ എതിര്‍ക്കുന്നു. നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നത് എതിര്‍ക്കുന്നു. രാജ്യത്തിന്റെ നല്ലതിനായി കൊണ്ട് വരുന്ന എല്ലാത്തിനെയും എതിർക്കുന്നുവെന്നും മാവോയിസ്റ്റ് മുക്തമാക്കാനുള്ള ശ്രമങ്ങള്‍ കോൺഗ്രസ് എതിർക്കുകയാണ് ചെയ്തതെന്നും നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യക്കൊപ്പം 1947 ൽ മറ്റു പല രാജ്യങ്ങളും സ്വാതന്ത്ര്യം നേടി എന്നാൽ പലരും ഇന്ത്യയെക്കാൾ ഒരുപാട് മുന്നേറി. വികസനങ്ങളെയും പരിഷ്കാരങ്ങളെയും എതിർക്കുന്ന കോൺഗ്രസിന്റെ സമീപനമാണ് എല്ലാത്തിനും കാരണം. കോണ്‍ഗ്രസിന്‍റെ ഈ നെഗറ്റീവ് രാഷ്ട്രീയമാണ് രാജ്യത്തിന്‍റെ വളര്‍ച്ച തടഞ്ഞതെന്നും പോരാട്ടം കോൺഗ്രസിന്റെ വികസന വിരുദ്ധ നയങ്ങൾക്ക് എതിരെയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Prime Minister Narendra Modi lashes out at Congress while addressing the nation










