ക്യാമറക്കണ്ണിൽ മുന വെച്ച് മമത; 10 കോടിപേർ കണ്ട മോദിയുടെ ‘ഝാൽമുരി’ വീഡിയോ വെറും നാടകമെന്ന് ആരോപണം!

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൻ്റെ തെരുവോരത്ത് നിന്ന് ‘ഝാൽമുരി’ (പൊരികൊണ്ടുള്ള വിഭവം) കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തീപ്പൊരിയായി പടരുകയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 10 കോടിയിലധികം (100 മില്യൺ) ആളുകൾ കണ്ട ഈ വീഡിയോ ബിജെപി ആഘോഷമാക്കുമ്പോൾ, അതിനെ പിഴുതെറിയാൻ കടുത്ത പരിഹാസവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജി. “ഇതൊക്കെ നേരത്തെ സെറ്റ് ചെയ്ത നാടകമല്ലേ?” എന്നാണ് മമതയുടെ ചോദ്യം.

വഴിയരികിലെ ഒരു പാവം കച്ചവടക്കാരനിൽ നിന്ന് അപ്രതീക്ഷിതമായി ഝാൽമുരി വാങ്ങി കഴിച്ചുവെന്നാണ് വൈറൽ വീഡിയോ പറയുന്നത്. എന്നാൽ, “അപ്രതീക്ഷിതമായി കയറുന്ന കടയിൽ എങ്ങനെയാണ് നേരത്തെ തന്നെ ഹൈ-ക്വാളിറ്റി ക്യാമറകൾ റെഡിയായി ഇരിക്കുന്നത്?” എന്ന് മമത ചോദിക്കുന്നു. പ്രധാനമന്ത്രി തൻ്റെ പോക്കറ്റിൽ നിന്ന് 10 രൂപയുടെ നോട്ട് എടുത്ത് കച്ചവടക്കാരന് നൽകുന്ന രംഗമാണ് മമതയെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത്. “മോദിയുടെ പോക്കറ്റിൽ 10 രൂപയുടെ നോട്ട് കണ്ടത് വലിയ അത്ഭുതം തന്നെ!” എന്നായിരുന്നു ദീദിയുടെ പരിഹാസം.

അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ തന്നെയാണ് ആ ഝാൽമുരി തയ്യാറാക്കിയതെന്നും ഇതിൽ സാധാരണക്കാരൻ്റെ സ്പർശമില്ലെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാൾ വലിയ അഭിനയമാണ് അവിടെ നടന്നതെന്നാണ് മമതയുടെ പക്ഷം.

“ഇതെല്ലാം വെറും നാടകമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പെട്ടെന്ന് ഒരു സ്ഥലത്ത് നിർത്തുമ്പോൾ അവിടെ എങ്ങനെയാണ് ക്യാമറകൾ മുൻകൂട്ടി തയാറായിരിക്കുന്നത്? ഈ എപ്പിസോഡ് മുഴുവൻ നേരത്തെ എഴുതിത്തയ്യാറാക്കിയ തിരക്കഥയാണ്. അദ്ദേഹത്തിന്റെ പോക്കറ്റിൽ 10 രൂപയുടെ നോട്ട് ഇരിക്കുന്നത് കണ്ടു. ഇതൊക്കെ വിശ്വസിക്കാൻ കൊള്ളാമോ?” പ്രധാനമന്ത്രിയുടെ പേര് പറയാതെ മമത പരിഹസിച്ചു. “ചിലപ്പോൾ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം ഗുഹയ്ക്കുള്ളിൽ പോയിരിക്കും. ചിലപ്പോൾ ചായക്കടക്കാരനാണെന്ന് അവകാശപ്പെടും. സ്വന്തം ആളുകൾ തന്നെ ഉണ്ടാക്കിയ ഝാൽമുരി വാങ്ങാനാണ് അദ്ദേഹം 10 രൂപ ചെലവാക്കുന്നത്. കടയിൽ നേരത്തെ തന്നെ എന്തിനാണ് ക്യാമറകൾ വെച്ചിരുന്നത്? ഇതെല്ലാം വെറും നാടകമാണ്. തന്റെ റാലികളിൽ പങ്കെടുക്കാൻ അദ്ദേഹം പുറത്തുനിന്നുള്ള ആളുകളെ ട്രെയിൻ മാർഗ്ഗം എത്തിക്കുകയാണ്, വോട്ട് മോഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തൃണമൂൽ കോൺഗ്രസ് തടയും”- മമതയുടെ വാക്കുകൾ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ പ്രധാനമന്ത്രിയുടെ ഇത്തരം നീക്കങ്ങൾ ജനങ്ങളെ ആകർഷിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങൾ മാത്രമാണെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ നിലപാട്. അതേസമയം, സാധാരണക്കാരുമായുള്ള പ്രധാനമന്ത്രിയുടെ ആത്മബന്ധമാണ് വീഡിയോയുടെ പ്രചാരണം സൂചിപ്പിക്കുന്നതെന്ന് ബി.ജെ.പി വൃത്തങ്ങൾ അവകാശപ്പെട്ടു.

എന്തായാലും ബംഗാളിൻ്റെ തനത് ലഘുഭക്ഷണമായ ഝാൽമുരിക്ക് വീഡിയോ വൈറലായതോടെ വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.

Mamata alleges that Modi’s ‘Jhalmuri’ video, which was viewed by 10 crore people, is just a drama!

More Stories from this section

family-dental
witywide