
വാഷിങ്ടൺ: ഗാസയിലേക്കോ ഇസ്രായേലിലേക്കോ യുഎസ് സൈന്യത്തെ അയക്കില്ലെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് കമല ഹാരിസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൗരന്‍മാരെ സംരക്ഷിക്കുന്നതിനായി ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നും അവര്‍ പറഞ്ഞു.
”കണക്കുകള്‍ പ്രകാരം കുറഞ്ഞത് 1400 ഇസ്രായേല്‍ പൗരന്‍മാര്‍ മരിച്ചു. പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ട്,” കമല ഹാരിസ് പറഞ്ഞു.
അതേസമയം ഹമാസും പലസ്തീന്‍ വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടാകരുതെന്നും കമല പറഞ്ഞു.
“പലസ്തീന്‍കാരും സുരക്ഷിതത്വം അര്‍ഹിക്കുന്നു. യുദ്ധനിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. മനുഷ്യര്‍ക്ക് ആവശ്യമായ എല്ലാ പരിഗണനയും സഹായങ്ങളും ഉറപ്പുവരുത്തണം,” കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ജോ ബൈഡന്‍ ഇറാന് നല്‍കിയ മുന്നറിയിപ്പും കമല ഹാരിസ് എടുത്തു പറഞ്ഞു. ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ പ്രശ്‌നം ഗുരുതരമാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി.
വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെപ്പറ്റിയും കമല ഹാരിസ് പ്രതികരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ബൈഡന് തടസ്സമാകുമോ എന്ന ചോദ്യത്തിനും കമല മറുപടി നല്‍കി. ” ഇത്തരം ഊഹാപോഹങ്ങളില്‍ പ്രതികരിക്കാനില്ല. ബൈഡന്‍ ആരോഗ്യവാനാണ്.”
”പലരില്‍ നിന്നും പല അഭിപ്രായവും ഞാന്‍ കേട്ടു. ഒന്ന് മാത്രമേ എനിക്ക് പറയാനുള്ളു. ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് മറുപടിയില്ല. വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി മത്സരിക്കാനൊരുങ്ങുന്ന ഒരു പ്രസിഡന്റ് നമുക്കുണ്ട്,” കമല ഹാരിസ് പറഞ്ഞു.














