അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43കാരനായ തേജ് പ്രതാപ് സിംഗ്, 42കാരിയായ ഭാര്യ സോണല്‍ പരിഹര്‍, മക്കളായ പത്തും ആറും വയസ്സുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇവരുടെ മരണകാരണമെന്തെന്ന് വ്യക്തമല്ല. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ടെക്നോളജി എക്സിക്യൂട്ടീവ് ആണ് പ്രതാപ് സിങ്.

വ്യാഴാഴ്ചയാണ് ന്യൂജേഴ്‌സിയിലെ പ്ലെയിന്‍സ്‌ബോറോയില്‍ ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടതായി പോലീസിന് വിവരം ലഭിക്കുന്നത്. പോലീസെത്തി പരിശോധിച്ച ശേഷം മറ്റു നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. എപ്പോഴാണ് മരണം സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പൊലീസ് അന്വേഷിച്ചു വരികയാണ്.