ഫിലാഡല്‍ഫിയയിലെ മാധ്യമപ്രവര്‍ത്തകന്‍ ജോഷ് ക്രൂഗറിനെ വീടിനകത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഫിലാഡല്‍ഫിയയിലെ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ ജോഷ് ക്രൂഗറിനെ വീടിനകത്ത് വെടിയേറ്റ് കൊല്ല്‌പ്പെട്ട നിലയില്‍ കണ്ടെത്തി. 39 കാരനായ ക്രൂഗറിന് നെഞ്ചിലും വയറിലുമായി ഏഴു തവണ വെടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 1:28 നാണ് വാറ്റ്കിന്‍സ് സ്ട്രീറ്റിലെ 2300 ബ്ലോക്കിലുള്ള ജോഷ് ക്രൂഗറിന്റെ വീട്ടില്‍ വെടിവെപ്പുണ്ടായതായി പോലീസിന് അറിയിപ്പ് ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് ക്രൂഗറിനെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 2:13 ന് മരിച്ചു.

ജോഷ് ക്രൂഗര്‍ ദി ഫിലാഡല്‍ഫിയ ഇന്‍ക്വയറര്‍, ദി ഫിലാഡല്‍ഫിയ സിറ്റിസണ്‍ തുടങ്ങിയ വാര്‍ത്താ ഔട്ട്ലെറ്റുകള്‍ക്ക് വേണ്ടി എഴുതിയിരുന്നു. മേയര്‍ ജിം കെന്നിയുടെ ഓഫീസ് ഓഫ് ഹോംലെസ് സര്‍വീസസിന്റെ വക്താവായും ജോലി ചെയ്തിരുന്നു. ക്രൂഗറിന്റെ മരണ വാര്‍ത്തയറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും അതീവ ദുഃഖിതനാണെന്നും കെന്നി പ്രസ്താവനയില്‍ പറഞ്ഞു.

‘നമ്മുടെ നഗരത്തെക്കുറിച്ചും ഇവിടുത്തെ ആളുകളെക്കുറിച്ചും ജോഷ് വളരെയധികം ബോധവാനായിരുന്നു. ആ കരുതല്‍ അദ്ദേഹത്തിന്റെ പൊതുസേവനത്തിലും എഴുത്തിലും പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ കഴിവും സര്‍ഗ്ഗാത്മകതയും അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങളിലും വ്യക്തമായിരുന്നു.’ കെന്നി തിങ്കളാഴ്ച എന്‍ബിസി ന്യൂസുമായി പങ്കിട്ട പ്രസ്താവനയില്‍ പറഞ്ഞു. ക്രൂഗറിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.