ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ആര്‍.വി.പി സ്ഥാനത്തേക്ക് ഫിലിപ്പ് മഠത്തില്‍ മത്സരിക്കുന്നു

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമാ (FOMAA) ന്യൂയോര്‍ക്ക് മെട്രോ റീജിയണിന്റെ 2024-2026 വര്‍ഷത്തേക്കുള്ള റീജിയണല്‍ വൈസ് പ്രസിഡന്റ്് (ആര്‍.വി.പി) സ്ഥാനത്തേക്ക് ലോങ്ങ് ഐലന്‍ഡില്‍ നിന്നും ഫിലിപ്പ് മഠത്തില്‍ മത്സരിക്കുന്നു. നിലവില്‍ മെട്രോ റീജിയണ്‍ ചെയര്‍മാന്‍ ആണ് മഠത്തില്‍. ദീര്‍ഘനാളുകളായി ഫോമായുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍ നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ്.

ഫോമായുടെ അംഗ സംഘടനയായ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCANA) 2024-ലെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് മഠത്തില്‍ ന്യൂയോര്‍ക്ക് മലയാളികളുടെ ഇടയിലെ നിറസാന്നിധ്യമാണ്. KCANA യുടെ നിലവിലെ സെക്രട്ടറിയാണ്. തികഞ്ഞ ഒരു സംഘാടകന്‍ കൂടിയായ മഠത്തില്‍ അമേരിക്കയിലെ പുരാതനമായ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കില്‍ വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.

ന്യൂയോര്‍ക്ക് മലയാളീ ബോട്ട് ക്ലബ്, അമേരിക്കന്‍ കര്‍ഷകശ്രീ-പുഷ്പശ്രീ ക്‌ളബ്ബ്, ന്യൂയോര്‍ക്ക് ഫിഷിങ് ക്ലബ്ബ്, ചെണ്ട ക്‌ളബ്ബ് എന്നിവയുടെ രൂപീകരണത്തില്‍ പങ്കു വഹിച്ച പ്രധാന സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഫിലിപ്പ്. മുന്‍പ് രണ്ട് ടേമില്‍ ആര്‍.വി.പി ആയി മത്സരരംഗത്ത് വന്നിരുന്ന ഫിലിപ്പ് ഇലക്ഷന്‍ ഒഴിവാക്കുന്നതിനായി സ്വയം പിന്മാറി നിന്ന വ്യക്തിയാണ്. ഫോമാ മെട്രോ റീജിയണിന്റെ അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി നടത്തുന്നതിന് തന്നെ ആര്‍.വി.പി ആയി തെരഞ്ഞെടുക്കണമെന്ന് എല്ലാ ഫോമാ പ്രവര്‍ത്തകരോടും ഫിലിപ്പ് മഠത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.