
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 1980കള്‍ മുതൽ നടന്നിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ വാദം കേള്‍വേ പ്രത്യേക വിധിയിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.
എൺപതുകൾക്കു ശേഷം ഭരണകൂടവും ഭരണബാഹ്യശക്തികളും കശ്മീരിൽ നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളിൽ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും അനുരഞ്ജനത്തിനായുള്ള നിർദേശങ്ങൾ സമർപ്പിക്കാനും പക്ഷപാതരഹിതമായ വസ്തുതാന്വേഷണ- അനുരഞ്ജന സമിതി(ട്രൂത്ത് ആന്റ് റികൊൺസിലേഷൻ കമ്മിറ്റി) രൂപീകരിക്കാൻ ജസ്റ്റിസ് എസ്.കെ. കൗൾ ശുപാർശ ചെയ്തു. കമ്മിറ്റി സമയബന്ധിതമായി പ്രവർത്തനം പൂർത്തീകരിക്കണം. അതേസമയം, സംഭവങ്ങളുടെ വൈകാരികത കണക്കിലെടുത്ത് ഈ കമ്മിറ്റി എങ്ങനെ വേണമെന്നത് സർക്കാരിനു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് നടപടികള്‍ക്ക് ആവശ്യപ്പെടാമെന്നും ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി.
എല്ലാം മറന്ന് മുന്നോട്ട് പോകാന്‍ മുറിവകള്‍ ഉണങ്ങേണ്ടതുണ്ട്. തലമുറകളായി ജനങ്ങള്‍ അവിടെ വേദന അനുഭവിക്കുന്നുണ്ട്. അധികാരം ഉപയോഗിച്ച് ജനങ്ങളോട് ചെയ്ത ക്രൂരതകള്‍ എന്താണ് തിരിച്ചറിയുകയും, അതില്‍ നടപടികള്‍ എടുക്കുകയും ചെയ്യുന്നതാണ് മുറിവുണക്കാന്‍ ആദ്യം ചെയ്യേണ്ട നടപടിയെന്നും ജസ്റ്റിസ് കൗള്‍ പറഞ്ഞു.
ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മറ്റിടങ്ങളിലെയും പല രാജ്യങ്ങളിലും ഇത്തരം കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനും നീതി വിതരണത്തിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഇത് സഹായിക്കും.
കുറ്റകൃത്യങ്ങൾക്കുള്ള പ്രോസിക്യൂഷനും ശിക്ഷയും എന്നതിലുപരി അക്രമത്തിന് ഇരയായവരിൽ നിന്നും കുറ്റവാളികളിൽ നിന്നും വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാണ് ഈ കമ്മീഷനുകൾ മുൻഗണന നൽകുന്നത്.
















