വോട്ടർ പട്ടിക പുതുക്കൽ പൗരത്വം ഇല്ലാതാക്കില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വോട്ടർ പട്ടിക പുതുക്കുന്നതിൻ്റെ ഭാഗമായി പേര് ഒഴിവാക്കപ്പെടുന്നത് ഒരാളുടെയും പൗരത്വം ഇല്ലാതാക്കില്ലെന്ന് സുപ്രീം കോടതി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എ,സ്.ഐ.ആർ) നടപടികൾക്ക് കോടതി പൂർണ്ണ നിയമസാധുത നൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വ പരിശോധന നടത്താൻ അധികാരമുള്ളതെന്ന് കോടതി വ്യക്തമാക്കി.

ഒരാളുടെ പൗരത്വം അന്തിമമായി പ്രഖ്യാപിക്കാനോ അത് റദ്ദാക്കാനോ ഉള്ള അധികാരം കമ്മീഷനില്ല. അത്തരം അന്തിമ തീരുമാനങ്ങൾ എടുക്കേണ്ടത് പൗരത്വ നിയമപ്രകാരമുള്ള അതോറിറ്റികളോ കേന്ദ്ര സർക്കാരോ ആണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കള്ളവോട്ടുകൾ ഇല്ലാത്ത വോട്ടർ പട്ടിക അത്യാവശ്യമാണ്. അതിനായി കമ്മീഷൻ നടത്തുന്ന സമഗ്ര പരിഷ്കരണങ്ങൾ ഭരണഘടനാപരമാണ്. പൗരത്വ തർക്കങ്ങൾ കാരണം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ നാലാഴ്ചയ്ക്കകം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാനും കമ്മീഷനോട് കോടതി നിർദ്ദേശിച്ചു.

നാല് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് കോടതി ഈ വിഷയത്തിൽ അനുകൂല വിധി പുറപ്പെടുവിച്ചത്. എസ്.ഐ.ആർ നടപടി കമ്മീഷൻ്റെ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വങ്ങൾക്ക് അനുസൃതമാണോ, ഈ നടപടിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ യുക്തിസഹമാണോ, മറ്റ് ബദൽ മാർഗങ്ങൾ ഇല്ലാത്ത പക്ഷം ഈ നടപടി അനിവാര്യമായിരുന്നോ, കമ്മിഷൻ്റെ ലക്ഷ്യവും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്.

കേരളം, ബിഹാർ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക പുതുക്കലിനെതിരെ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതിയുടെ ഈ അന്തിമ ഉത്തരവ്.

Updating of voter list does not take away citizenship; Supreme Court upholds Election Commission’s action

More Stories from this section

family-dental
witywide