
ടെക്സസ്: ന്യൂ മെക്സിക്കോ സ്റ്റേറ്റ് ലൈനിലെ ചില ഭാഗങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നതിനായി കണ്‍സേര്‍ട്ടിന വയര്‍ സ്ഥാപിക്കാന്‍ ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് സ്റ്റേറ്റ് നാഷണല്‍ ഗാര്‍ഡിന് ഉത്തരവിട്ടു. അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായാണ് ടെക്‌സസിലെ എല്‍ പാസോയുമായി അതിര്‍ത്തി പങ്കിടുന്ന ന്യൂ മെക്‌സിക്കോയിലെ സണ്‍ലാന്‍ഡ് പാര്‍ക്കിന് സമീപമുള്ള പ്രദേശത്ത് കണ്‍സേര്‍ട്ടിന വയര്‍ സ്ഥാപിക്കുന്നത്. മെക്‌സിക്കോയില്‍ നിന്ന് ന്യൂ മെക്‌സിക്കോയിലേക്ക് വരുന്ന കുടിയേറ്റക്കാരെ തടയാനാണ് ഈ തടസ്സമെന്ന് അബോട്ട് പറയുന്നു.
അനധികൃത കുടിയേറ്റം തടയുന്നതിനായി ഞങ്ങള്‍ ന്യൂ മെക്‌സിക്കോ അതിര്‍ത്തിയില്‍ ഒരു തടസ്സം നിര്‍മ്മിക്കുകയാണെന്ന് ഗവര്‍ണര്‍ ഞായറാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തു. ‘ടെക്‌സസ് നാഷണല്‍ ഗാര്‍ഡ് എല്‍ പാസോയിലെ അതിര്‍ത്തി 18 മൈല്‍ കണ്‍സേര്‍ട്ടിന വയര്‍ ഉപയോഗിച്ച് ശക്തമായി ഉറപ്പിച്ചു. ന്യൂ മെക്‌സിക്കോയില്‍ അനധികൃതമായി പ്രവേശിക്കുകയും തുടര്‍ന്ന് ടെക്‌സസിലേക്ക് കടക്കുകയും ചെയ്യുന്ന കുടിയേറ്റക്കാരെ തടയാന്‍ ഞങ്ങള്‍ ഇപ്പോള്‍ ടെക്‌സസിനും ന്യൂ മെക്‌സിക്കോയ്ക്കും ഇടയിലുള്ള അതിര്‍ത്തി ശക്തിപ്പെടുത്തുകയാണ്. അതിര്‍ത്തിയിലെ അന്തര്‍ദേശീയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും അനധികൃത കുടിയേറ്റവും തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ടെക്‌സസ് നാഷണല്‍ ഗാര്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് എബിസി ന്യൂസിന് നല്‍കിയ ഒരു പ്രസ്താവനയില്‍, ടെക്‌സസ് മിലിട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് (ടിഎംഡി) ടെക്‌സസ് നാഷണല്‍ ഗാര്‍ഡ് പറഞ്ഞു.
അതേസമയം ഗവര്‍ണറുടെ പദ്ധതികളെക്കുറിച്ച് സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ന്യൂ മെക്സിക്കോ പ്രതിനിധി ഗേബ് വാസ്‌ക്വെസിന്റെ വക്താവ് പറയുന്നു. വാസ്‌ക്വസ് എബിസി ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍, ഈ തടസ്സം ഭരണഘടനാ വിരുദ്ധമാണെന്ന് പരേക്ഷമായി പറഞ്ഞു.
കുടിയേറ്റ വിഷയത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ തയ്യാറാക്കിയ നിരവധി രാഷ്ട്രീയ സ്റ്റണ്ടുകളില്‍ ഒന്നാണിത്, ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് ഇത് യഥാര്‍ത്ഥ പരിഹാരമൊന്നും നല്‍കുന്നില്ല. ഗവര്‍ണര്‍ ആബട്ട് മുന്‍പും ഇത് ചെയ്തിട്ടുണ്ട്. നേരത്തേ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ ഉപയോഗിച്ച് അനധികൃത അതിര്‍ത്തി മതില്‍ സ്ഥാപിച്ചു, തുടര്‍ന്ന് കുടിയേറ്റക്കാരെ അവരുടെ വ്യക്തമായ സമ്മതമില്ലാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ബസുകളില്‍ കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചു. ഇപ്പോള്‍ ഏറ്റവും പുതിയ അടവ്് ടെക്‌സസിനും ന്യൂ മെക്‌സിക്കോയ്ക്കും ഇടയില്‍ ഒരു തടസ്സം സൃഷ്ടിക്കുകയെന്നതാണെന്നും വാസ്‌ക്വസ് പറഞ്ഞു.
ടെക്‌സസിലെയും ന്യൂ മെക്‌സിക്കോയിലെയും ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്മാര്‍ സംയുക്ത പ്രസ്താവനയില്‍ അതിര്‍ത്തിയിലെ തടസ്സം നീക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. അതിര്‍ത്തി സുരക്ഷയോടുള്ള അപകടകരമായ സമീപനത്തിന് പൊതുനികുതി ഡോളര്‍ ഉപയോഗിച്ചതിനും സ്റ്റേറ്റ് ലൈനുകളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ലംഘിച്ചതിനും ഗ്രെഗ് ആബട്ടിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ടെക്സാസും ന്യൂ മെക്സിക്കോ ഡെമോക്രാറ്റുകളും സംസ്ഥാന അതിര്‍ത്തിയില്‍ അബോട്ട് ഏര്‍പ്പെടുത്തിയ റേസര്‍ വയര്‍ ഫെന്‍സിംഗിനെ അപലപിക്കുന്നുവെന്നും ഇത് ഉടനടി നീക്കം ചെയ്യണമെന്നും പ്രസ്താവനയില്‍ പറയുന്നു.












