
ന്യൂയോര്‍ക്ക്: കേരള സെന്റര്‍ 31 മത് അവാര്‍ഡ് നിശ ന്യൂയോര്‍ക്കിലെ എല്‍മോണ്ട് ആസ്ഥാനത്ത് നടന്നു. ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസും നാസ കൗണ്ടി ലെജിസ്ലേറ്റര്‍ കാരി സോളെജസും ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്തു. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ഉയര്‍ന്ന നിലയില്‍ എത്തിയവരും സമൂഹ നന്മക്കുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുമായ മലയാളികളെ ആദരിക്കുന്ന കേരളാ സെന്ററിനെ മുന്‍ അവാര്‍ഡ് ജേതാവ് കൂടിയായ സെനറ്റര്‍ കെവിന്‍ തോമസ് പ്രശംസിച്ചു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച എട്ട് പേര്‍ക്കാണ് ഇക്കുറി കേരള സെന്റര്‍ പുരസ്‌കാരം സമര്‍പ്പിച്ചത്. ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്: ഡോക്ടര്‍ ശ്യാം സുന്ദര്‍ കൊട്ടിലില്‍, ഡയറക്ടര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ബാള്‍ട്ടിമോര്‍. ബിസിനസ് അവാര്‍ഡ്: സജീബ് കോയ കാനഡ, സാഹിത്യം: ജയന്ത് കാമിച്ചേരില്‍ (ഫിലാഡല്‍ഫിയ), മെഡിസിന്‍: ഡോക്ടര്‍ ഷെല്‍ബി കുട്ടി (മേരി ലാന്‍ഡ്) നഴ്‌സിംഗ്: ഡോക്ടര്‍ അന്നാ ജോര്‍ജ് (ന്യൂ യോര്‍ക്ക്) ലീഗല്‍ സര്‍വീസ്: ലത മേനോന്‍ (ഒന്റ്റാറിയോ കാനഡ) കമ്മ്യൂണിറ്റി സര്‍വീസ്: ഗോപാല പിള്ള (ഡാളസ്) മീഡിയ ആന്‍ഡ് ജേര്‍ണലിസം: അജയ് ഘോഷ് (കണക്റ്റികട്ട്) എന്നിവരായിരുന്നു പുരസ്‌കാര ജേതാക്കള്‍.
വൈറോളജി, ശാസ്ത്ര ഗവേഷണ മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ലോക പ്രശസ്ത വൈറോളജിസ്റ്റായ ഡോക്ടര്‍ ശ്യാം സുന്ദര്‍ കൊട്ടിലിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രകാശം പരത്തുന്ന എല്‍ഇഡി ഫെയ്ഡ് ലൈറ്റിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ച സജീബ് കോയക്കാണ് സംരംഭകത്വത്തിനുള്ള പുരസ്‌കാരം.
മാധ്യമ പത്രപ്രവര്‍ത്തന മേഖലകളിലെ നേട്ടങ്ങള്‍ക്ക് അവാര്‍ഡ് നേടിയ അജയ് ഘോഷ് ദി യൂണിവേഴ്സല്‍ ന്യൂസ് നെറ്റ്വര്‍ക്കിന്റെ ചീഫ് എഡിറ്ററും കോ-പബ്ലിഷറുമാണ്. ടെക്സാസിലും ഡിട്രോയിറ്റിലും നിരവധി സംഘടനകളുടെ പ്രസിഡന്റായും ബോര്‍ഡ് മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഗോപാല പിള്ളയ്ക്കാണ് സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.
വൈദ്യശാസ്ത്രത്തിലെ മികച്ച നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിച്ച ഡോ. ഷെല്‍ബി കുട്ടി ഫിസിഷ്യന്‍ സയന്റിസ്റ്റും അക്കാദമിക് നേതാവുമാണ്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഹെലന്‍ ബി തൗസിഗ് പ്രൊഫസറും പിഡിയാട്രിക് ആന്‍ഡ് കണ്‍ജെനിറ്റല്‍
കാര്‍ഡിയോളജി ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നു. പ്രവാസി മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള പുരസ്‌കാരം നേടിയത് 2022 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ജയന്ത് കാമിച്ചേരില്‍ ആണ്.
ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ നിലവിലെ പ്രസിഡന്റ് ഡോ. അന്ന ജോര്‍ജിനാണ് നഴ്സിംഗിലെ മികച്ച സേവനത്തിനുള്ള അവാര്‍ഡ്. അന്ന ഒരു നഴ്സും നഴ്സ് പ്രാക്ടീഷണറും മനുഷ്യാവകാശ പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമാണ്. നിയമസേവനത്തിനുള്ള അവാര്‍ഡ് നേടിയ ലതാ മേനോന്‍ പ്രഗത്ഭയായ ബാരിസ്റ്ററും സോളിസിറ്ററും സജീവ കമ്മ്യൂണിറ്റി പ്രവര്‍ത്തകയുമാണ്.
The Kerala Center Honors 8 Distinguished NRIs At Annual Gala















