‘ബസില്‍ യാത്ര ചെയ്യുന്നത് ഗതാഗതക്കുരുക്കും അധിക ബാധ്യതയും ഒഴിവാക്കാന്‍’; ആഡംബര ബസ് വിവാദത്തില്‍ മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ യാത്ര ചെയ്യുന്നത് ഗതാഗതക്കുരുക്കൊഴിവാക്കാനാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നവകേരള സദസ്സിനായി ഒരു കോടിയുടെ ബസ് ഉപയോഗിക്കുന്നത് ആഢംബരമാണെന്ന വാദം തള്ളിയ ഗതാഗത മന്ത്രി സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ബസില്‍ സഞ്ചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.

25 സീറ്റുകളുള്ള ബെന്‍സ് ബസ്സാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരും ഇതിലായിരിക്കും യാത്ര ചെയ്യുന്നത്. ബസ്സില്‍ ശുചിമുറി സൗകര്യമുണ്ട്. അതല്ലാതെ, മറ്റ് ആര്‍ഭാടങ്ങളൊന്നുമില്ല. ബസ് നവീകരിക്കുന്നത് ആഢംബരത്തിനല്ല. ഈ ബസ് പിന്നീട് ടൂറിസത്തിനായി വിട്ടു നല്‍കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. കാറില്‍ യാത്ര ചെയ്യുകയാണെങ്കില്‍ 21 മന്ത്രിമാരും എസ്‌കോര്‍ട്ടും കൂടി 75 വാഹനങ്ങളുണ്ടാകും. ഇത് ഗതാഗത കുരുക്കിന് പുറമെ സാമ്പത്തിക ചെലവും കൂട്ടുമെന്നും ആന്റണി രാജു പറഞ്ഞു.

അതേസമയം നവകേരള സദസ്സിനായി ഒരു കോടിയുടെ ബസ് ഉപയോഗിക്കുന്നത് ആഢംബരമാണെന്ന വിവാദം ശക്തമാകുകയാണ്. നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായി ആഡംബര ബസ് സജ്ജീകരിക്കാനായി ഒരു കോടി അഞ്ചു ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ബജറ്റില്‍ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണ് പണം അനുവദിച്ചത്.

More Stories from this section

family-dental
witywide