ഒറ്റ ഓർഡിനറി ബസ് പോലും മാറ്റിയിട്ടില്ല, ‘പ്രിയദർശിനി’ സൗജന്യ യാത്ര പദ്ധതിയിലെ തെറ്റായ പ്രചാരണങ്ങൾക്കെതിരെ കെഎസ്ആർടിസി

സർക്കാർ പ്രഖ്യാപിച്ച ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില വാർത്താമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. പദ്ധതി നിലവിൽ വരുന്നതിന് മുൻപ് ഓർഡിനറി വിഭാഗത്തിൽ ഉണ്ടായിരുന്ന എല്ലാ സർവീസുകളും തുടർന്നും ഓർഡിനറി സർവീസായി തന്നെ നിലനിർത്തിയാണ് സൗജന്യ യാത്ര ലഭ്യമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി യാത്രക്കാരെ വഞ്ചിക്കുന്നു എന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

തിരുവനന്തപുരം ജില്ലയിൽ ആകെ 687 ഓർഡിനറി ബസുകളും വർഷങ്ങളായി പ്രത്യേക നിരക്കിൽ ഓപ്പറേറ്റ് ചെയ്യുന്ന 384 സിറ്റി ഫാസ്റ്റ് ബസുകളുമാണ് നിലവിലുള്ളത്. സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഓർഡിനറി വിഭാഗം സർവീസുകൾക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. യാത്രക്കാർക്ക് യാതൊരുവിധ ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാൻ പദ്ധതിയിൽ ഉൾപ്പെട്ട ഓർഡിനറി ബസുകളുടെയും ഉൾപ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും വിവരങ്ങൾ മുൻവശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു.

കുറഞ്ഞ നിരക്കിലും കിലോമീറ്റർ നിരക്കിലും സ്റ്റോപ്പുകളുടെ എണ്ണത്തിലും സിറ്റി ഫാസ്റ്റും ഓർഡിനറി സർവീസുകളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 2022-ലെ സർക്കാർ വിജ്ഞാപനപ്രകാരം സിറ്റി ഫാസ്റ്റിന് കുറഞ്ഞ നിരക്ക് 12 രൂപയും ഓർഡിനറിക്ക് 10 രൂപയുമാണ്. പ്രത്യേക നിരക്കും പ്രത്യേക സർവീസ് ക്ലാസുമുള്ളതിനാൽ സിറ്റി ഫാസ്റ്റുകൾ ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടില്ല. പ്രിയദർശിനി പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ സർവീസുകളുടെ കൃത്യമായ പട്ടികയും വിശദാംശങ്ങളും മാധ്യമങ്ങൾക്ക് ഉൾപ്പെടെ മുൻകൂട്ടി കൈമാറിയിരുന്നതാണെന്നും അതിനാൽ തെറ്റായ വ്യാഖ്യാനങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

KSRTC Denies Fake News Over Priyadarshini Free Travel Scheme Clarifies City Fast Services Are Not Ordinary Buses

More Stories from this section

family-dental
witywide