
ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി.എച്ച്.എസ്.) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ വിവാദ ഉത്തരവിൽ ഒടുവിൽ തിരുത്ത് വരുത്തി ആരോഗ്യവകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന മുൻ ഉത്തരവിലെ ഭാഗം പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവിറക്കിയത്. പുതിയ ഡി.എച്ച്.എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാലാണ് മാറ്റമെന്നാണ് പുതുക്കിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നത്. അവധി അപേക്ഷിച്ചതിന്റെ പേരിലാണ് മാറ്റമെന്ന ആദ്യ ഉത്തരവിനെതിരെ ഡോ. റീനയടക്കം വലിയ രീതിയിൽ വിമർശനം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഈ തിരുത്തൽ.
നേരത്തെ, ആരോഗ്യവകുപ്പിന്റെ നടപടി തന്നെ ഞെട്ടിച്ചുവെന്ന് ഡോ. റീന വ്യക്തമാക്കിയിരുന്നു. താൻ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥതകൾ കാരണം രണ്ടര ദിവസത്തെ അവധി മാത്രമാണ് ചോദിച്ചിരുന്നതെന്നും അവർ വെളിപ്പെടുത്തി. ഇത്രയും കാലം നീണ്ട സർവീസ് പൂർത്തിയാക്കി മടങ്ങുന്ന ഒരാൾക്കെതിരെ തെറ്റായ ചിത്രീകരണങ്ങൾ നടത്തരുതെന്നും ഡോ. റീന ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് ഒടുവിൽ ഉത്തരവ് തിരുത്താൻ തയ്യാറായത്.
അതേസമയം, ഡോ. റീനക്കെതിരായ നടപടി വകുപ്പിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. നിപ പരിശോധനാ ഫലം വന്നിട്ടും ഡി.എച്ച്.എസ്. തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. താൻ വാർത്താസമ്മേളനം നടത്തുമ്പോൾ ഫലം ലഭിച്ചിരുന്നില്ലെന്നും, എന്നാൽ ഒപ്പമുണ്ടായിരുന്ന ഡി.എച്ച്.എസിന് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ റിസൾട്ട് വന്ന കാര്യം അറിയാമായിരുന്നുവെന്നുമാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഡി.എച്ച്.എസ്. സർക്കാരുമായി പൂർണ്ണമായി സഹകരിക്കുന്നില്ലെന്നും ഇത്തരം ആളുകളെ മാറ്റുന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും മന്ത്രി വ്യക്തമാക്കി.
Health Department Revises Order on DHS Removal Drops 15 Day Leave Clause Amid Controversy













