ചൈനീസ് ന്യൂമോണിയ നിരീക്ഷിക്കുന്നതായി കേന്ദ്രം; അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെന്ന് ആരോഗ്യ വകുപ്പ്

ന്യൂഡല്‍ഹി: ചൈനയില്‍ കുട്ടികളില്‍ പടരുന്ന ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനി നിരീക്ഷിച്ച് വരുന്നതായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ ഇത്തരം പകര്‍ച്ചപ്പനി പടരാനുള്ള സാധ്യത കുറവാണെങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂമോണിയയ്ക്ക് പുറമേ എച്ച്9എന്‍2 വൈറസ് കേസുകളും ചൈനയില്‍ വ്യാപകമായി പടരുന്നുണ്ട്.

പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസാണ് എച്ച്9എന്‍2. പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ചൈനയില്‍ ഇരു രോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യോഗം ചേര്‍ന്നിരുന്നു.

വടക്കന്‍ ചൈനയില്‍ കുട്ടികളിലാണ് ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനി പടരുന്നത്. കുട്ടികളെയാണ് ശ്വാസകോശ സംബന്ധമായ രോഗം കാര്യമായി ബാധിച്ചിരിക്കുന്നത്. അതേസമയം രോഗം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടികളില്‍ വര്‍ധിച്ചു വരുന്ന ശ്വാസകോശ രോഗങ്ങളിലും ന്യുമോണിയ ക്ലസ്റ്ററുകളിലും അസാധാരണമായി ഒന്നുമില്ലെന്നും പുതിയ വൈറസിനെ കണ്ടെത്തിയിട്ടില്ലെന്നും ചൈന അറിയിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി സംബന്ധിച്ച ലാബ് റിസല്‍റ്റ് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ലോകാരോഗ്യസംഘടന തേടിയത്.