
വയനാട്: കല്പറ്റയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കേരളം കണ്ട വലിയ ദുരന്തങ്ങളില്‍ ഒന്നായി മാറുകയാണ്. ചൂരല്‍മല ഒന്നാകെ ഇടിഞ്ഞ് താഴേക്ക് പോയി. താഴ് വരയില്‍ ഉണ്ടായിരുന്ന നൂറിലധികം വീടുകള്‍ ഒലിച്ചുപോയി എന്നാണ് കരുതുന്നത്. കുത്തൊഴുക്കില്‍ പലയിടങ്ങളില്‍ നിന്നായി 20 മുതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ നിന്നും നിരവധി മൃതദേഹങ്ങള്‍ കിട്ടി. നൂറോളം പേരെയങ്കിലും കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ദുരന്തത്തിന്റെ ആഘാതം വളരെ വലുതാണ്.
മൂന്നുതവണയായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുലര്‍ച്ചെ ഒന്നര മണിക്കായിരുന്നു ആദ്യത്തെ സംഭവം. പിന്നീട് മണിക്കൂര്‍ വ്യത്യാസത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വാര്‍ത്താ ചാനലുകളുമായി സംസാരിക്കുന്ന പലരും ചൂണ്ടിക്കാണിക്കുന്ന വിവരങ്ങള്‍ പരിശോച്ചാല്‍ ഇരുന്നൂറിലും മുന്നൂറിലും അധികം ആളുകളെ കാണാനില്ല.
മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. കേരളത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.












