
കരളു പിടയ്ക്കുന്ന കാഴ്ചകള്‍ മാത്രമാണ് കേരളത്തിനിപ്പോള്‍ നല്‍കാനുള്ളത്. ഉള്ളുലയ്ക്കുന്ന തേങ്ങലുകള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. ആരുടെയെങ്കിലും രക്ഷാകരം വരുമെന്നുകരുതി മണ്ണിനടിയില്‍ ജീവനുവേണ്ടി പോരാടി എത്രപേരുണ്ടെന്നുപോലുമറിയില്ല…ഇതാണ് കണ്ണീര്‍ കേരളം.
ആശ്വാസത്തിന്റെ ഒരു ചെറു കൈത്താങ്ങ് പോലും ഇപ്പോള്‍ ദുരിത ബാധിതര്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്. സിനിമാ താരങ്ങളും രാഷ്ട്രീയ പ്രമുഖരും സാധാരണക്കാരും എന്തിന് കൊച്ചു കൊച്ചു സമ്പാദ്യങ്ങളുമായി കൊച്ചുകുട്ടികള്‍ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ വയനാടിനെ ചേര്‍ത്തുപിടിക്കുകയാണ്. ഇപ്പോഴിതാ നടന്‍ വിക്രവും വയനാടിന്റെ കണ്ണീരൊപ്പാന്‍ സംഭാവന നല്‍കിയിരിക്കുന്നു.
ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ വളരെയധികം ആരാധകരുള്ള പ്രിയ നടനായ ചിയാന്‍ വിക്രം, ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള തന്റെ സ്നേഹം ഒരിക്കല്‍ കൂടി പ്രകടമാക്കി 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 2018 ലെ മഹാ പ്രളയകാലത്തും വിക്രം കേരളത്തിലെ ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
അതേസമയം, വിക്രമിനെക്കൂടാതെ കമല്‍ഹാസനും വിജയും ഉള്‍പ്പെടെ കോളിവുഡില്‍ നിന്നുള്ള നിരവധിതാരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രാര്‍ത്ഥനയും പിന്തുണയും നല്‍കി, പലരും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദുരന്തത്തില്‍ ഇതുവരെ 200 ലധികം ആളുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി രക്ഷാസംഘങ്ങള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണ്.












