
ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാന ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വജ്രങ്ങളിലൊന്ന് പുറം ലോകത്തിന് പരിചയപ്പെടുത്തി. കരോവ് മൈനില്‍ നിന്ന് പുറത്തെടുത്ത 2,492 കാരറ്റ് ഡയമണ്ടാണ് ആഗോളതലത്തില്‍ വലുപ്പത്തില്‍ രണ്ടാമനായി തിളങ്ങുന്നത്.
നൂതന എക്‌സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് കേടുകൂടാതെ കണ്ടെത്തിയ ‘അസാധാരണമായ’ പരുക്കന്‍ വജ്രം കണ്ടെത്തിയത് കനേഡിയന്‍ ഖനന കമ്പനിയായ ലുക്കാറ ഡയമണ്ട് കോര്‍പ്പറേഷനാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ഈ വജ്രം കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കണ്ടെടുത്തതില്‍വെച്ച് ഏറ്റവും ഭാരമുള്ള വജ്രം കൂടിയാണ്. വജ്രത്തിന്റെ ഭാരം കാരറ്റിലാണു രേഖപ്പടുത്തുന്നത്. 0.2 ഗ്രാം വജ്രമാണ് ഒരു കാരറ്റ്.
ദക്ഷിണാഫ്രിക്കയില്‍നിന്ന് 1905 ല്‍ ഖനനം ചെയ്ത 3106 കാരറ്റാണ് ഏറ്റവും വലുപ്പമുള്ള വജ്രക്കല്ല്. ഇതിപ്പോള്‍ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ആഭരണശേഖരത്തിന്റെ ഭാഗമാണ്. പുതുതായി കണ്ടെത്തിയ വജ്രം ഇതിന്റെ തൊട്ടുപിന്നാലാണ് വലുപ്പംകൊണ്ട് സ്ഥാനം ഉറപ്പിച്ചത്.
1800-കളുടെ അവസാനത്തില്‍ ബ്രസീലില്‍ ഒരു വലിയ കറുത്ത വജ്രം കണ്ടെത്തിയെങ്കിലും, അത് ഖനനം ചെയ്തതല്ല, മറിച്ച് ഉപരിതലത്തില്‍ നിന്നാണ് കണ്ടെത്തിയത്. ആഗോളതലത്തില്‍ വജ്രങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ നിര്‍മ്മാതാവാണ് ബോട്‌സ്വാന, സമീപ വര്‍ഷങ്ങളിലെ പ്രധാന വജ്ര കണ്ടുപിടിത്തങ്ങളില്‍ മുന്‍പന്തിയിലാണ്.
കരോവേ ഖനിയില്‍ നിന്നും കണ്ടെത്തിയ 1,758 കാരറ്റുള്ള സെവെലോ വജ്രമായിരുന്നു മുമ്പ് വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. വെളിപ്പെടുത്താത്ത തുകയ്ക്ക് ഫ്രഞ്ച് ഫാഷന്‍ ഹൗസ് ലൂയി വിറ്റണ്‍ ഇത് സ്വന്തമാക്കി.









