
വനത്തിൽ വഴിതെറ്റി അകപ്പെട്ടുപോയ നാലു വയസ്സുകാരനെ 24 മണിക്കൂറിനു ശേഷം സുരക്ഷിതനായി കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കാലിഫോർണിയയിലെ ഫ്രെസ്‌നോ കൗണ്ടിയിലെ തടാകത്തിന് സമീപമുള്ള വനപ്രദേശത്ത് 4 വയസ്സുള്ള ക്രിസ്റ്റ്യൻ റാമിറെസിനെ കാണാതായത്. മാതാപിതാക്കൾക്ക് ഒപ്പം അവിടെ ഒരു ക്യാംപ് സൈറ്റിൽ എത്തിയതായിരുന്നു കുട്ടി. അഞ്ച് മിനിറ്റ് മാതാപിതാക്കളുടെ കണ്ണ് തെറ്റിയപ്പോൾ കുട്ടിയെ കാണാതായി. അപ്പോൾ തന്നെ മാതാപിതാക്കൾ അധികൃതരുടെ സഹായം തേടി.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഹണ്ടിംഗ്ടൺ തടാകത്തിലെ റാഞ്ചെരിയ ക്യാംപ് സൈറ്റിൽ നിന്ന് മകനെ കാണാതായതായി കുടുംബം വിവരം നൽകി. അപ്പോൾ മുതൽ ടുലാരെ കൌണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ ടീം, എയർ സപ്പോർട്ട് യൂണിറ്റ്, ഫോറസ്റ്റ് സർവീസ് റേഞ്ചർമാർ, കാലിഫോർണിയ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഓഫിസർമാർ എന്നിവർ ഹണ്ടിംഗ്ടൺ തടാകത്തിൻ്റെ വടക്കുകിഴക്കൻ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
നായ്ക്കളും ഹെലികോപ്റ്ററുകളും 70 ഓളം രക്ഷാപ്രവർത്തകരും രാത്രി മുഴുവൻ ക്രിസ്റ്റ്യനെ തിരഞ്ഞു. പ്രദേശവാസികളും ജനപ്രതിനിധികളുമടക്കം ഉറങ്ങാതെ തിരച്ചിൽ ഉദ്യമത്തിൽ പങ്കു ചേർന്നു. അങ്ങനെ പിറ്റേന്ന് രാവിലെ എട്ടു മണിയോടെ കുട്ടിയെ കണ്ടെത്തി. ക്രിസ്റ്റ്യൻ, ക്രിസ്റ്റ്യൻ എന്ന് പേര് വിളിച്ചായിരുന്നു തിരച്ചിൽ . ആ വിളി കുട്ടി കേട്ടു. അവൻ പ്രതികരിച്ചു. കാണാതായി എന്നു പറഞ്ഞ സ്ഥലത്തുനിന്ന് ഒരു മൈൽ അകലെ ഒരു മരച്ചോട്ടിൽ വിശന്ന് തളർന്ന് ഇരിക്കുകയായിരുന്നു കുട്ടി. എന്നാൽ അവന് ഒരു പോറലുപോലും ഏറ്റിരുന്നില്ല.
കരടിയും പുലിയും വിഷപ്പാമ്പുകളുമടക്കം വിഹാരം നടത്തുന്ന കാടാണ് അത്. പോരാത്തതിന് ചെങ്കുത്തായ ഇറക്കങ്ങളും വെള്ളക്കെട്ടുകളും ധാരാളമുണ്ടുതാനും. ഒരാപത്തിലും പെടാതെ ക്രിസ്റ്റ്യൻ വീട്ടിലേക്ക് തിരിച്ചെത്തി.
A 4-year-old boy was rescued after 24 hours alone in woods At California
.















