
യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണസംഘത്തിൽ ഒരു മലയാളിയുണ്ടായിരുന്നു. കുമ്പനാട്ടുകാരനായ സ്റ്റാൻലി ജോസ്. കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് പുനലൂർ ഹൈസ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച സ്റ്റാൻലി ജോസ് ട്രംപിൻ്റെ പ്രചാരണ ടീമിൽ ഇടംപിടിച്ചത് യാദൃശ്ചികമായാണ്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ഉപദേശകസമിതി അംഗമാണ് സ്റ്റാൻലി. പെൻസിൽവേനിയയിലെ കറുത്തവർഗക്കാർ, ഏഷ്യക്കാർ, സ്പെയിൻകാർ എന്നിവർക്കിടയിൽ പ്രവർത്തിച്ച് ട്രംപിനായി പരമാവധി വോട്ട് നേടുക എന്നതായിരുന്നു സ്റ്റാൻലിയുടെ നിയോഗം.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി ഷെർളി ജോർജിനെ വിവാഹം ചെയ്തതോടെയാണ് സ്റ്റാൻലി അമേരിക്കയിൽ എത്തിയത്. അവിടെ ജോലിചെയ്യുന്ന റസ്റ്ററന്റിൽ മുതിർന്ന നയതന്ത്രജ്ഞനായ എഡ് റോളിൻസ് സ്ഥിരം സന്ദർശകനായിരുന്നു. പ്രസിഡൻറ് റെയ്ഗന്റെ പ്രചാരണസമിതി ചെയർമാനായിരുന്ന അദ്ദേഹവുമായി സ്റ്റാൻലി ചങ്ങാത്തത്തിലായി. ചില കാമ്പെയിനുകളിൽ പങ്കാളിയായി.
കോവിഡ്കാലത്തിനുശേഷം എഡ് റോളിൻസിന്റെ സന്ദേശം വന്നു. എന്താ പരിപാടി എന്നായിരുന്നു ചോദ്യം. വെറുതെയിരിക്കുന്നെന്നു പറഞ്ഞപ്പോൾ ട്രംപിന്റെ പ്രചാരണജോലികൾ ഏറ്റെടുത്തിരിക്കുകയാണ്, കൂടെ കൂടിക്കോളാൻ പറഞ്ഞു. കടുത്ത മത്സരമായിരുന്നു. ബൈഡൻ വിജയിച്ചെങ്കിലും പ്രചാരണരംഗത്ത് ഒട്ടും മോശമാക്കിയിരുന്നില്ല. ആ അനുഭവം വളരെ വലുതായിരുന്നു. ഇത്തവണയും ടീമിൽ ഉൾപ്പെടുത്തിയത് അതുകൊണ്ടായിരിക്കുമെന്ന്-സ്റ്റാൻലി പറഞ്ഞു.
യുഎസിൽ ഗ്രൂപ്പ് യോഗങ്ങൾ, ടി.വി.പരസ്യം, പത്രമാധ്യമങ്ങൾ എന്നിവ വഴിയാണ് പ്രചാരണം. വീട്ടിൽ കയറണമെങ്കിൽ മുൻകൂർ അനുമതി വേണം. ഉച്ചഭാഷിണിയും പറ്റില്ല. അച്ചടക്കമുള്ള പ്രചാരണമേ പറ്റൂ. പോസ്റ്ററും ബാനറുമൊക്കെ എവിടെയെങ്കിലും തെറ്റിയൊട്ടിച്ചാൽ പിഴ ഉറപ്പ്-സ്റ്റാൻലി പറഞ്ഞു.
A US – Malayali Stanley Jose In Trump Campaign team















