ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുണ്ടെങ്കില്‍ നടപടി സ്വീകരിക്കാം, സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്‌നം അതീവ ഗുരുതരം- ഗവര്‍ണര്‍

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പുരുഷാധിപത്യവും തുറന്നു കാട്ടിയ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും. റിപ്പോര്‍ട്ടില്‍ പേരുണ്ടെങ്കില്‍ നടപടി സ്വീകരിക്കാം എന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്.

സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്‌നം അതീവ ഗുരുതരമാണെന്നും ഇതിനെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്ന് കരുതുന്നുവെന്നും മുഴുവന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി ചോദിച്ച സ്ഥിതിക്ക് സ്വാഭാവികമായും നടപടികള്‍ ഉണ്ടാകുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ധനമന്ത്രി മുഖ്യമന്ത്രിയെ തിരുത്തുന്ന തരത്തില്‍ നിലപാടറിയിക്കുകയും കേസെടുക്കാനാകുമെന്നും വ്യക്തമാക്കിയിരുന്നു.