‘അപ്പടിയേ മാറ്റിടുവേ’, തമിഴകത്തെ ഇളക്കിമറിച്ച് വിജയുടെ ‘ആദ്യ’ പ്രസംഗം; ലക്ഷ്യം 2026! വിശ്രമമില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചു; സ്റ്റാലിൻ സർക്കാരിന് രൂക്ഷവിമർശനം

ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനത്തിൽ തകർപ്പൻ പ്രസംഗത്തിലൂടെ തമിഴ്നാടിനെ ഇളക്കിമറിച്ച് വിജയ്. ജനിച്ചവരെല്ലാം തുല്യരാണെന്നും അങ്ങനെയുള്ള നിലയിലേക്ക് രാഷ്ട്രീയം മാറണമെന്നും മാറിയില്ലെങ്കിൽ ‘അപ്പടിയേ മാറ്റിടുവേ’യെന്നും പ്രഖ്യാപിച്ച വിജയ്, ഇനി വിശ്രമമില്ലാത്ത നാളുകളാണെന്നും വ്യക്തമാക്കി. നമ്മള്‍ എല്ലാവരും തുല്യരാണെന്നും രാഷ്ട്രീയത്തിൽ എല്ലാം മാറണമെന്നും ഇല്ലെങ്കില്‍ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും ഇളക്കിമറിച്ചു കൊണ്ടാണ് വിജയ് സംസ്ഥാന സമ്മേളനത്തിൽ പ്രസംഗം ആരംഭിച്ചത്. സ്റ്റാലിന്‍റെ ഡി എം കെ സർക്കാരിനെ കടന്നാക്രമിച്ചാണ് വിജയ് മുന്നേറിയത്.

രാഷ്ട്രീയത്തിലിറങ്ങുന്നത് ഭയമില്ലാതെയാണെന്നും ഒട്ടും പേടിയില്ലെന്നും വിജയ് പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ലെന്നും വിജയ് പറഞ്ഞു. ഉയിര്‍ വണക്കം ചൊല്ലിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്. സാമൂഹ്യ നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോള്‍ അമ്മയ്ക്ക എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്ക് മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും. എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം. ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണ് നിങ്ങളുടെ അവസരമെന്ന് വിജയ് പറഞ്ഞു. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് വേദിയിലെത്തിയത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള്‍ വിജയിക്ക് സമ്മാനിച്ചു.

സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു.

നിങ്ങളിൽ ഒരാളായിനിന്ന് നിങ്ങളുടെ സഹോദരനായി, മകനായി, തോഴനായി, നിങ്ങളിൽ ഒരാളായി വന്ന് നമ്മൾക്ക് ലക്ഷ്യം നേടിയെടുക്കാനാകും. പണത്തിന് വേണ്ടിയല്ല, നല്ല നാളേയ്ക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിൽ നമ്മൾ നേരിടും. 2026ലെ തിരഞ്ഞെടുപ്പ് വേദിയിൽ നമ്മൾ അവരെ നേരിടും. തമിഴ്നാട്ടിലെ 234 മണ്ഡലത്തിലും ടിവികെ ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.

Also Read

More Stories from this section

family-dental
witywide