നിയമസഭയിലെ താടി കൊണ്ടുള്ള ആംഗ്യവിവാദം കനക്കുന്നു, സ്റ്റാലിനെ പരിഹസിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിജയ്. മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ വ്യക്തിപരമായി പരിഹസിച്ചെന്നാരോപിച്ച് ഡി.എം.കെയും സി.പി.എമ്മും അടക്കമുള്ള കക്ഷികൾ രംഗത്തെത്തിയതിന് പിന്നാലെയാണ് വിജയ് വിശദീകരണം നൽകിയത്. നിയമസഭയിൽ മുൻ ഡി.എം.കെ സർക്കാരിനെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ വിജയ് തന്റെ താടി ഒരു കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്ന പോലെയുള്ള ആംഗ്യം കാണിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ മർദനത്തിൽ താടിയെല്ലിന് പരിക്കേറ്റ സ്റ്റാലിനെ പരിഹസിക്കാനാണ് ഇത് ചെയ്തതെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്. തമിഴഗ വെട്രി കഴകം (ടി.വി.കെ) സർക്കാരിന് പിന്തുണ നൽകുന്ന സി.പി.എമ്മും സി.പി.ഐയും ഈ നടപടിയെ രൂക്ഷമായി വിമർശിക്കുകയും ഒരാളുടെ രൂപത്തെ പരിഹസിക്കുന്നത് അപലപനീയമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

വിമർശനങ്ങൾ കടുത്തതോടെ, മറുപടി പ്രസംഗത്തിനിടയിൽ അറിയാതെ വന്നുപോയ തന്റെ ശരീരഭാഷ യാതൊരുവിധ ദുരുദ്ദേശ്യത്തോടെയും സംഭവിച്ചതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വിജയ് എക്‌സിൽ കുറിച്ചു. ആരെയും ലക്ഷ്യമിട്ടല്ല അത് സംഭവിച്ചതെന്നും അതിനു പിന്നിൽ ദുരുദ്ദേശ്യങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു പ്രവൃത്തിയായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, പാർട്ടിഫണ്ടിന്റെ മറവിൽ ഡി.എം.കെ വ്യാപകമായ അഴിമതി നടത്തിയിട്ടുണ്ടെന്നും അതിനെതിരെ ഇ.ഡി രംഗത്തെത്തിയിട്ടുണ്ടെന്നും വിജയ് നിയമസഭയിൽ ആരോപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ, സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ ഇ.ഡി പരാമർശിച്ചിട്ടുണ്ടെന്നും, മുൻ മുഖ്യമന്ത്രി കരുണാനിധി ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത കാര്യം സർക്കാരിയ കമ്മിഷൻ റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടാസ്മാക് അഴിമതി ഉൾപ്പെടെ സ്റ്റാലിൻ മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള രണ്ടു വകുപ്പുകളുടെ ഫയലുകൾ പരിശോധിച്ചാൽ തന്നെ ക്രമക്കേടുകൾ വ്യക്തമാകുമെന്നും, ഡി.എം.കെ ഉള്ളിടത്തെല്ലാം അഴിമതിയുണ്ടെന്നും വിജയ് സഭയിൽ കുറ്റപ്പെടുത്തി.

TN Assembly Gesture Controversy: Chief Minister Vijay Issues Clarification Over Alleged Mockery of Stalin

More Stories from this section

family-dental
witywide