കറിപൗഡറുകള്‍ക്ക് പിന്നാലെ കേന്ദ്രം; പരക്കെ സാമ്പിള്‍ പരിശോധന

ന്യൂഡല്‍ഹി: ഹോങ്കോങ്ങിലും സിംഗപ്പൂരിലും ചില ഇന്ത്യന്‍ കറിമസാലകള്‍ നിരോധിച്ചതിനു പിന്നാലെ കര്‍ശന നടപടിയുമായി കേന്ദ്രം. രാജ്യത്തെ എല്ലാ കറി പൗഡര്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഭക്ഷ്യ കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മൂന്നോ നാലോ ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ കറിപൗഡര്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുമെന്നും ഹോങ്കോങ്ങും സിങ്കപ്പൂരും വിലക്കിയ എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാന്‍ഡുകളുടേത് മാത്രമല്ല, മറ്റെല്ലാ മസാലകമ്പനികളുടെ സാമ്പിളും ശേഖരിക്കുമെന്നും അവ പരിശോധിച്ച് 20 ദിവസത്തിനുള്ളില്‍ ലാബില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിങ്കപ്പൂരും ഹോങ്കോങ്ങും ഇന്ത്യയില്‍ നിന്നുള്ള രണ്ട് കറിമസാല ബ്രാന്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഭക്ഷ്യ വസ്തുക്കളില്‍ കീടനാശിനി സുരക്ഷിതമായ പരിധിക്കപ്പുറം ഉള്‍പ്പെട്ടാല്‍ നിരോധിക്കുന്നത് ഹോങ്കോങ്ങില്‍ പതിവാണ്. നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍ദേശം ലംഘിച്ച് വില്‍പ്പന നടത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ, സിംഗപ്പൂരിലെ ഫുഡ് ഏജന്‍സിയും എവറസ്റ്റിലെ ഫിഷ് കറി മസാലയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. കുറഞ്ഞ അളവിലുള്ള എഥിലീന്‍ ഓക്‌സൈഡില്‍ നിന്ന് ഉടനടി അപകടസാധ്യതയില്ലെന്ന് എസ്എഫ്എ വ്യക്തമാക്കിയെങ്കിലും, നീണ്ടുനില്‍ക്കുന്ന ഉപഭോഗം ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു.

More Stories from this section

family-dental
witywide