ന്യൂയോര്‍ക്ക് ഭൂചലനത്തിന് പിന്നാലെ ന്യൂജേഴ്സിയില്‍ തുടര്‍ചലനം ഉണ്ടായതായി റിപ്പോര്‍ട്ട്

ന്യൂജേഴ്സി: ന്യൂയോര്‍ക്കില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ന്യൂജേഴ്സിയില്‍ വെള്ളിയാഴ്ച 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു തുടര്‍ചലനമുണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു.

ന്യൂജേഴ്സിയില്‍ ഒരു തുടര്‍ചലനം അനുഭവപ്പെട്ടുവെന്നും ദയവായി അടിയന്തര മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണമെന്നും അപകടകരമായ അവസ്ഥ ഇല്ലെങ്കില്‍ 911 എന്ന നമ്പറില്‍ വിളിക്കുന്നത് ഒഴിവാക്കണമെന്നും ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി എക്സില്‍ എഴുതി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ കാത്തി ഹോച്ചുളും ഇക്കാര്യം സ്ഥിരീകരിച്ച് എക്സില്‍ അറിയിപ്പ് നല്‍കിയിരുന്നു. ‘ഇന്ന് രാവിലെ ഉണ്ടായ ഭൂകമ്പത്തില്‍ നിന്ന് 4.0 തീവ്രതയുള്ള തുടര്‍ചലനമുണ്ടായിയെന്നാണ് കാത്തി ഹോച്ചുള്‍ കുറിച്ചത്. മാത്രമല്ല, കാര്യങ്ങള്‍ അവലോകനം ചെയ്യുന്നത് തുടരുകയാണെന്നും ഇപ്പോള്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.

വെള്ളിയാഴ്ച (പ്രാദേശിക സമയം) വൈകുന്നേരം 6 മണിയോടെയാണ് ന്യൂജേഴ്സിയില്‍ തുടര്‍ചലനം അനുഭവപ്പെട്ടത്. സോമര്‍സെറ്റ് കൗണ്ടിയിലെ കൗണ്ടി ലൈനിന് തൊട്ടുമുമ്പ് ബ്രിഡ്ജ് വാട്ടറിന് വടക്ക് പടിഞ്ഞാറ് 7.4 മൈല്‍ അകലെയാണ് തുടര്‍ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് പറയപ്പെടുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ തുടര്‍ചലനമായിരുന്നു ഇത്.

അതേസമയം, യുഎസിലെ നിരവധി പ്രദേശങ്ങളെ ബാധിച്ച ന്യൂയോര്‍ക്കിലെ ഭൂചലനം ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, ബാള്‍ട്ടിമോര്‍ എന്നിവിടങ്ങളിലെ ചില എയര്‍ ട്രാഫിക് സൗകര്യങ്ങളെ ബാധിച്ചു. വിവിധ വിമാനങ്ങല്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. .

വെള്ളിയാഴ്ച ന്യൂജേഴ്സിയിലെ വൈറ്റ്ഹൗസ് സ്റ്റേഷനില്‍ നിന്ന് 7 കിലോമീറ്റര്‍ വടക്ക്-വടക്കുകിഴക്കായാണ് 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അതില്‍ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.