
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ അഴുക്കുചാലുകളിൽ നിന്ന് അർദ്ധരാത്രിയിൽ ആളുകൾ കൂട്ടത്തോടെ പുറത്തുവരുന്ന വിചിത്രമായ സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. നഗരത്തിലെ വിവിധയിടങ്ങളിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ബ്രൂക്ലിൻ, ക്വീൻസ് എന്നീ ഭാഗങ്ങളിലാണ് ഇത്തരത്തിൽ അർദ്ധരാത്രിയിൽ അഴുക്കുചാലിൻ്റെ മൂടി മാറ്റി ആളുകൾ അകത്തേക്ക് പോകുന്നതും മണിക്കൂറുകൾക്ക് ശേഷം തിരിച്ചിറങ്ങുന്നതുമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഗ്രേവ്സെൻഡ്, വില്യംസ്ബർഗ് തുടങ്ങിയ പ്രദേശങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു ദൃശ്യത്തിൽ അർദ്ധരാത്രിക്ക് മുമ്പ് അഴുക്കുചാലിലേക്ക് ഇറങ്ങിയ ഏഴോളം പേർ പുലർച്ചെ രണ്ട് മണിയോടെ പുറത്തുവരുന്നതായി കാണാം. ഇവർ വാട്ടർപ്രൂഫ് വസ്ത്രങ്ങളും കയ്യുറകളും ധരിക്കുകയും ടോർച്ചുകൾ, കോരികൾ തുടങ്ങിയ ഉപകരണങ്ങൾ കൈവശം വെക്കുകയും ചെയ്തിരുന്നു.
അഴുക്കുചാലിലൂടെ ഒലിച്ചുപോകുന്ന സ്വർണം, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ തിരയുന്ന ‘ട്രെഷർ ഹണ്ടർമാരും’ നഗരങ്ങൾ രഹസ്യമായി പര്യവേക്ഷണം ചെയ്യുന്നവരുമാണ് ഇവരെന്ന് പൊലീസ് സംശയിക്കുന്നു. ഈ സംഭവങ്ങൾക്ക് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ലെന്നും നഗരത്തിലെ ഭൂഗർഭ സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ, മുൻകൂട്ടി അനുവാദമില്ലാതെ അഴുക്കുചാലുകളിൽ പ്രവേശിക്കുന്നത് കടുത്ത നിയമലംഘനമാണ്. പിടിക്കപ്പെടുന്നവർക്കെതിരെ അതിക്രമിച്ചു കടക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിഷവാതകങ്ങൾ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഓക്സിജൻ കുറവ് എന്നിവ കാരണം അഴുക്കുചാലുകളിൽ ഇറങ്ങുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് ന്യൂയോർക്ക് എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീഡിയോകളിലുള്ള വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്.
People emerge from sewers in New York at midnight; Police launch investigation















