
ഡാളസ്: തൊഴിലാളി ദിനമാചരിക്കാനൊരുങ്ങി അമേരിക്ക. ഇക്കുറി സെപ്റ്റംബർ രണ്ടിനാണ് അമേരിക്കയിലെ തൊഴിലാളികൾ തൊഴിലാളി ദിനം ആഘോഷിക്കുക. മിക്ക സ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. 130-ാം വാർഷികമാണ് ഇത്തവണ. സെപ്റ്റംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളികൾ തങ്ങളുടെ ദിനമായി ആഘോഷിക്കുക. അമേരിക്കയിലെ ഫെഡറൽ അവധിയാണ് തൊഴിലാളി ദിനമെന്നതും പ്രത്യേകതയാണ്.
19-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിലാണ്, ആദ്യമായി തൊഴിലാളികളെ ആദരിക്കാൻ ഒരു ദിനം വേണമെന്ന ആവശ്യമുയർന്നത്. 1882 സെപ്തംബർ 5 ന് സെൻട്രൽ ലേബർ യൂണിയനും നൈറ്റ്സ് ഓഫ് ലേബറും ന്യൂയോർക്ക് സിറ്റിയിൽ സംഘടിപ്പിച്ച പരേഡിൽ ഏകദേശം 10,000 തൊഴിലാളികൾ പങ്കെടുത്തു. യുഎസിലെ ആദ്യത്തെ തൊഴിലാളി ദിനാഘോഷം അന്നാണ് നടന്നത്.
തുടർന്നുള്ള വർഷങ്ങളിൽ, നിരവധി സംസ്ഥാനങ്ങളും തൊഴിലാളി ദിനം അംഗീകരിക്കുന്ന നിയമങ്ങൾ പാസാക്കാൻ തുടങ്ങി. പ്രസിഡൻ്റ് ഗ്രോവർ ക്ലീവ്‌ലാൻഡ് 1894-ൽ ഫെഡറൽ ഹോളിഡേ ആക്കി തൊഴിലാളി ദിനത്തെ പ്രഖ്യാപിച്ചു.
അതേ വർഷം തന്നെയാണ് ചിക്കാഗോയിൽ തൊഴിലാളി സമരമുണ്ടായത്. റെയിൽകാർ നിർമ്മാതാവ് വാടക കുറയ്ക്കാതെ വേതനം വെട്ടിക്കുറച്ചതിനെത്തുടർന്ന് പുൾമാൻ പാലസ് കാർ കമ്പനിയിലെ തൊഴിലാളികൾ പണിമുടക്കി. അടിച്ചമർത്താൻ ക്ലീവ്‌ലാൻഡ് ഫെഡറൽ സൈനികരെ അയച്ചതിനെത്തുടർന്ന് 12-ലധികം തൊഴിലാളികൾ കൊല്ലപ്പെട്ടു.
ഇത്തവണയും നിരവധി ആശങ്കകളിലൂടെയാണ് തൊഴിലാളികളുടെ ജീവിതം കടന്നുപോകുന്നതെന്ന് സംഘടനകൾ പറയുന്നു. മുതലാളി വർഗത്തിന്റെ ജീവിത നിലവാരം ഉയരുമ്പോഴും തൊഴിലാളികൾ അവരുടെ ജീവിതനിലവാരം കുറയുന്നതായി കാണുന്നുവെന്ന്, റട്‌ജേഴ്‌സ് സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ലേബർ റിലേഷൻസിലെ അസിസ്റ്റൻ്റ് പ്രൊഫസർ ടോഡ് വച്ചോൺ പറഞ്ഞു.
America celebrates labor day















