
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച പുലർച്ചെ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശ പ്രകാരം വടക്കൻ-മധ്യ കേരളത്തിലെ ഏഴ് ജില്ലകളിലാണ് കനത്ത മഴ പ്രവചിച്ചിരിക്കുന്നത്.
ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളത്.
മഴ കനക്കുന്നതോടെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. ഇത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമായേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി തടസ്സപ്പെടാനും അപകടങ്ങൾക്കും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം ആവശ്യപ്പെട്ടു.
Heavy rain and wind likely in Kerala in the next few hours; Alert issued in 7 districts















