
സെന്റ് പീറ്റേഴ്‌സ്ബർഗ്: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, കൂടുതൽ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ ആഗോള ഊർജ്ജ മേഖലയിൽ അടിയന്തിരമായി സ്ഥിരത ഉറപ്പാക്കേണ്ടതുണ്ടെന്ന് സൗദി അറേബ്യ. റഷ്യയിൽ നടക്കുന്ന ‘സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ’ സംസാരിക്കവെ സൗദി ഊർജ്ജ മന്ത്രി രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയിലെ നിലവിലെ അസ്ഥിരതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “നാം ഇപ്പോൾ കടന്നുപോകുന്ന സാഹചര്യം ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്; ഈ ലോകത്തിന് ഊർജ്ജത്തിന്റെ ഓരോ തന്മാത്രയും, ഈ ഊർജ്ജ വ്യവസായത്തിന്റെ എല്ലാവിധത്തിലുള്ള സ്ഥിരതയും ആവശ്യമാണ്. കാരണം ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കുറഞ്ഞ ചെലവിൽ ഊർജ്ജം ലഭ്യമാക്കുന്നതും അതിന്റെ സുസ്ഥിരതയും നമുക്ക് നഷ്ടപ്പെടും.”
എത്ര കടുത്ത പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെങ്കിലും, നിലവിലെ വെല്ലുവിളികളെ അതിജീവിച്ച് സ്വന്തം ലക്ഷ്യങ്ങളിലേക്ക് മുന്നേറാൻ സൗദി അറേബ്യക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. “ഇത്തരമൊരു മോശം സാഹചര്യത്തിലൂടെ കടന്നുപോകാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, പ്രതിസന്ധികളെ നേരിടാനുള്ള ഞങ്ങളുടെ പ്രതിരോധ ശേഷിയും കഴിവും കാര്യക്ഷമതയും ലോകത്തിന് മുന്നിൽ തെളിയിക്കാനുള്ള ഒരു അവസരമായിട്ടാണ് ഞങ്ങൾ ഇതിനെ കാണുന്നത്,” അദ്ദേഹം വ്യക്തമാക്കി.
യുദ്ധ പശ്ചാത്തലത്തിൽ എണ്ണ-ഊർജ്ജ വിപണിയിലുണ്ടായ അപ്രതീക്ഷിത വിലക്കയറ്റവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നതിനിടയിലാണ്, വിപണിയിൽ സ്ഥിരത കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.














