ബൈഡന് പാര്‍ക്കിന്‍സണ്‍സ്? റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, താന്‍ പ്രചാരണത്തില്‍ നിന്നും പിന്മാറില്ലെന്നും ട്രംപിനെ തോല്‍പ്പിക്കുമെന്നുള്ള ആത്മവിശ്വാസം ശക്തമായി ഒപ്പം കൊണ്ടു നടക്കുന്ന ബൈഡനെ ചുറ്റിപ്പറ്റി വീണ്ടും ചില അനാരോഗ്യ വാര്‍ത്തകള്‍.

യുഎസിലെ ഒരു ഉന്നത, പാർക്കിൻസൺസ് രോഗ വിദഗ്ധൻ ഈ വർഷം ആദ്യം വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഫിസിഷ്യനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വൈറ്റ് ഹൗസ് സന്ദർശക രേഖകൾ അനുസരിച്ച് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെൻ്ററിലെ ന്യൂറോളജിസ്റ്റായ ഡോ. കെവിൻ കനാർഡ് വൈറ്റ് ഹൗസ് ഫിസിഷ്യൻ ഡോ. കെവിൻ ഒ’കോണറുമായി ജനുവരി മധ്യത്തിൽ വൈറ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമായിരിക്കുകയാണ്. കൂടിക്കാഴ്ചയുടെ വിഷയം എന്താണെന്ന് വ്യക്തമല്ലെങ്കിലും ബൈഡന്റെ ആരോഗ്യം ചര്‍ച്ച ചെയ്തെന്നാണ് സൂചന.

സന്ദർശക രേഖകൾ പ്രകാരം ഈ വർഷം മൂന്ന് തവണ ഈ ഡോക്ടർ വൈറ്റ് ഹൗസ് സന്ദർശിച്ചിട്ടുണ്ട്: ജനുവരി 17 ന് ഒ’കോണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ജനുവരി 26, മാർച്ച് 28 തീയതികളിൽ മറ്റ് 2 ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ ഡോക്ടർ എട്ട് തവണയെങ്കിലും വൈറ്റ് ഹൗസ് സന്ദർശിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇദ്ദേഹം വൈറ്റ് ഹൗസിൽ എത്തിയിട്ടുണ്ട്.

എന്നാൽ ഇത്തരം എല്ലാ അഭ്യൂഹങ്ങളും നിഷേധിച്ചിരിക്കുകയാണ് വൈറ്റ് ഹൗസ്.

, “വാൾട്ടർ റീഡ് ആശുപത്രിയിൽ നിന്നുള്ള നിരവധി വിദഗ്ധർ വൈറ്റ് ഹൗസിൽ എത്താറുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ആയിരക്കണക്കിന് സൈനികരുടെ മെഡിക്കൽ ആവശ്യങ്ങളുടെ ഭാഗമായാണ് അത്. ബൈഡനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ വാർഷിക മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായി ന്യൂറോളജിസ്റ്റിനെ കണ്ടു എന്നല്ലാതെ അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല. അപ്പോഴല്ലാതെ അദ്ദേഹം ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം തേടിയിട്ടില്ല” വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്‌സ് പറഞ്ഞു

കെവിന്‍ കാന്നാര്‍ഡ് എത്തിയത് വൈറ്റ് ഹൗസിലെ സന്ദര്‍ശക രേഖകളിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും ബൈഡന്റെ ആരോഗ്യം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ചൂടുപിടിച്ചു. ഇടയ്ക്ക് കാലിടറി വീഴുന്നതും സ്ഥിരമായി നാക്കുപിഴകളുണ്ടാകുന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

അനാരോഗ്യം മറയ്ക്കാന്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്‍ പ്രസിഡന്റുമാരായ ഒബാമ, ട്രംപ് എന്നിവരുടെ ഡോക്ടറായിരുന്ന റോണി ജാക്‌സണ്‍ ആരോപിച്ചിരുന്നു.

നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സിന്റെ ലക്ഷണങ്ങള്‍ ബൈഡനുണ്ടെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം, ഏറ്റവും ഒടുവില്‍ പുറത്തുവന്ന വൈറ്റ് ഹൗസ് ആരോഗ്യ റിപ്പോര്‍ട്ടില്‍ ബൈഡന് പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും പറയുന്നു.

More Stories from this section

family-dental
witywide