കല്‍പ്പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. കളളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മണ്ണിനടിയില്‍ 16 പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. തുരങ്കപാത നിര്‍മ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് മണ്ണിനടിയിലായി. ബസിനുളളില്‍ തൊഴിലാളികള്‍ ഉളളതായും സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. തൊഴിലാളികളുടെ ടെൻ്റുകൾ മണ്ണിനടിയിലാണ്. നിലവില്‍ മുപ്പതംഗ എന്‍ഡിആര്‍എഫ് സംഘം വയനാട്ടിലുണ്ട്. കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘം കൂടി വയനാട്ടിലേക്ക് പോകും. അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടിയന്തര ഇടപെടല്‍ നടത്താന്‍ മന്ത്രി എ പി അനില്‍കുമാര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുകയാണ്. കൃഷിമന്ത്രി ടി സിദ്ദിഖ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തി. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. മണ്ണില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലായിരുന്നു അപകടം. അതേസമയം, പ്രദേശത്ത് മഴ തുടരുകയാണ്.
Landslide at the tunnel road construction site in Meppadi, Wayanad; 16 people feared trapped.















