
ന്യൂഡല്‍ഹി: ഇസ്രായേലിലെ ടെല്‍ അവീവില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ റാലിക്കിടെ അപകടം. ശനിയാഴ്ച നടന്ന റാലിക്കിടെ പ്രതിഷേധക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. അതിദാരുണമായ സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മനപ്പൂര്‍വ്വം ചെയ്തതാണോയെന്നും സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്. കേസ് സൈനിക അഡ്വക്കറ്റ് ജനറലിന് കൈമാറിയതായി സൈന്യം അറിയിച്ചു.
സംഭവത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡ്, അക്രമവും ഭിന്നിപ്പും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കുറ്റപ്പെടുത്തി.













