
തിരുവനന്തപുരം: അക്കൗണ്ട് മരവിപ്പിക്കല്‍ നടപടിയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതായി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നലെ വായിച്ച സര്‍ക്കുലറിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ച വിവരം വ്യക്തമാക്കിയിട്ടുള്ളത്.
വിദേശത്ത് നിന്ന് പണം എത്തിക്കാനുള്ള എഫ്.സി. അക്കൗണ്ടുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് കേരള പൊലീസിന്റെ ചില റിപ്പോര്‍ട്ടുകളും കാരണമായിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിക്കലെന്നാണ് പ്രധാന ആരോപണം.
മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പോലും നിലവില്‍ സഭയുടെ കൈവശമില്ലെന്നും. വിശ്വാസികള്‍ കൂടുതല്‍ സാമ്പത്തിക സഹായം പള്ളികളില്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.















