500 രൂപ പെൻഷനായി 90-കാരിയെ ചുമലിലേറ്റി മരുമകൾ നടന്നത് 9 കിലോമീറ്റർ !

റായ്പൂർ: കാട്ടുപാതകളും പാറക്കെട്ടുകളും നിറഞ്ഞ് ദുർഘടമായ വഴി. വഴിമധ്യേ മുറിച്ചുകടക്കേണ്ടത് നിരവധി കാട്ടരുവികൾ. പോരാത്തതിന് ചുട്ടുപൊള്ളുന്ന വെയിലും. കഠിനമായ ഈ പാതയിലൂടെ 90 വയസ്സുള്ള തൻ്റെ ഭർതൃമാതാവിനെ സ്വന്തം ചുമലിലേറ്റി ഒരൊറ്റ ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുന്ന ഒരു യുവതി. പണ്ടത്തെ വിക്രം-വേതാളം കഥകളിലെ ദൃശ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ച. 21-ാം നൂറ്റാണ്ടിലെ ഡിജിറ്റൽ ഇന്ത്യയിൽ അടിസ്ഥാന അവകാശങ്ങൾക്കായി ഒരു ആദിവാസി കുടുംബം നടത്തുന്ന സങ്കടപ്പോരാട്ടത്തിൻ്റെ നേർക്കാഴ്ചയാണിത്.

ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിലുള്ള മെയിൻപാറ്റ് എന്ന മലയോര മേഖലയിൽ നിന്നാണ് രാജ്യത്തിൻ്റെ മനസ്സാക്ഷിയെ പൊള്ളിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. ഗ്രാമത്തിലെ ആദിവാസി യുവതിയായ സുഖ്മാനിയ ബായ് ആണ് തൻ്റെ പ്രായമായ ഭർതൃമാതാവ് സോൻവാരിക്ക് പെൻഷൻ വാങ്ങാനായി ഒൻപത് കിലോമീറ്ററോളം അവരെ ചുമലിലേറ്റി ദുരിതയാത്ര നടത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സോൻവാരിയുടെ പെൻഷൻ തുക മുടങ്ങിക്കിടക്കുകയായിരുന്നു. പെൻഷൻ തുക കൈപ്പറ്റണമെങ്കിൽ ഗുണഭോക്താവ് ബാങ്കിൽ നേരിട്ടെത്തി വിരലടയാളമോ ബയോമെട്രിക് പരിശോധനയോ നടത്തണമെന്ന നിയമം അധികൃതർ കർശനമാക്കി. കിടപ്പിലായ അമ്മയെ കൊണ്ടുപോകാൻ പ്രദേശത്ത് യാതൊരുവിധ ഗതാഗത സൗകര്യങ്ങളുമില്ലായിരുന്നു. വാഹനക്കൂലി നൽകാൻ കൈയിൽ പണമില്ലാത്തതിനാലാണ് ഒടുവിൽ അമ്മയെ സ്വന്തം ചുമലിലേറ്റാൻ സുഖ്മാനിയ തീരുമാനിച്ചത്. ഒന്നിലധികം മാസത്തെ കുടിശ്ശികയായ വെറും 1,500 രൂപയോളം വരുന്ന തുകയ്ക്ക് വേണ്ടിയാണ് ഈ കുടുംബത്തിന് ഇത്രയും വലിയ ദുരിതം അനുഭവിക്കേണ്ടി വന്നത്.

സുഖ്മാനിയ അമ്മയെയും ചുമന്ന് പോകുന്ന വഴിയിൽ ഒരാൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുന്നത്. “എന്തിനാണ് അമ്മയെ ഇത്രയും ദൂരം ചുമന്നുകൊണ്ട് പോകുന്നത്?” എന്ന ചോദ്യത്തിന്, “ബാങ്കിൽ നേരിട്ട് ചെന്നാലേ പണം തരൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു” എന്നായിരുന്നു ആ മരുമകളുടെ നിസ്സഹായമായ മറുപടി. മുൻപ് പെൻഷൻ തുക ഗ്രാമങ്ങളിൽ നേരിട്ട് എത്തിച്ചിരുന്ന സംവിധാനം നിലച്ചതാണ് തങ്ങളെപ്പോലുള്ളവരെ ദുരിതത്തിലാക്കിയതെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഭരണകൂടത്തിനെതിരെ ഉയരുന്നത്. ക്ഷേമപദ്ധതികൾ ജനങ്ങളുടെ വാതിൽപ്പടിയിൽ എത്തിക്കുമെന്ന സർക്കാർ പ്രഖ്യാപനങ്ങളും ഗ്രാമീണ ഇന്ത്യയിലെ യഥാർത്ഥ അവസ്ഥയും തമ്മിലുള്ള വലിയ വ്യത്യാസത്തിൻ്റെ പ്രതീകമായി മാറിയിരിക്കുകയാണ് ഈ സംഭവം. സാങ്കേതികവിദ്യ വികസിക്കുമ്പോഴും, മോശം അടിസ്ഥാന സൗകര്യങ്ങളും പരിമിതമായ ഭരണസംവിധാനങ്ങളും കാരണം സാധാരണക്കാർക്ക് തങ്ങളുടെ അവകാശങ്ങൾ പോലും ഒരു വലിയ സമരമായി മാറുന്നുവെന്ന് ഈ ദൃശ്യങ്ങൾ വീണ്ടും തെളിയിക്കുന്ന ദൃശ്യങ്ങളാണിത്.

Daughter-in-law walks 9 km carrying 90-year-old woman on shoulders for Rs 500 pension!

More Stories from this section

family-dental
witywide