
വാഷിംഗ്‌ടൺ: ഇറാൻ്റെ പരമോന്നത നേതാവ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അജ്ഞാത കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയാണെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. അതീവ രഹസ്യമായ ആശയവിനിമയ ശൃംഖല വഴിയാണ് ഇദ്ദേഹം സന്ദേശങ്ങൾ കൈമാറുന്നത്. ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്തുന്ന ഇറാനിയൻ ഉദ്യോഗസ്ഥർക്ക് സ്വന്തം സർക്കാരിനുള്ളിൽത്തന്നെ ആശയവിനിമയം നടത്താൻ കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിവരം.
അമേരിക്ക മുന്നോട്ടുവെക്കുന്ന നിർദേശങ്ങളോട് പ്രതികരിക്കാൻ ഇറാൻ ദീർഘസമയമെടുക്കുന്നത് ഈ ആശയവിനിമയ പ്രതിസന്ധി കാരണമാണെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എങ്കിലും, നിലവിലെ കരാറിൻ്റെ ഏകദേശ രൂപത്തോട് പരമോന്നത നേതാവ് യോജിച്ചതായും അടുത്ത ദിവസങ്ങളിൽത്തന്നെ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നും യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ എപിക് ഫ്യൂറിയിൽ പരുക്കേറ്റ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി, മുൻഗാമിയായ ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് സമാനമായ ആക്രമണങ്ങൾ ഭയന്നാണ് അതീവ ജാഗ്രത പുലർത്തുന്നത്. യുദ്ധം തുടങ്ങിയതിനു ശേഷം ഇദ്ദേഹം പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഇറാൻ സർക്കാരിനുള്ളിൽ നിന്നുള്ള രഹസ്യവിവരങ്ങൾ ചോർത്തി യു.എസും ഇസ്രായേലും നിരവധി മുതിർന്ന നേതാക്കളെ വധിച്ചിരുന്നു. ഇതേത്തുടർന്ന് നിലവിൽ ഭൂരിഭാഗം ഇറാൻ നേതാക്കളും ഭൂഗർഭ ബങ്കറുകളിലാണ് കഴിയുന്നത്. പരമോന്നത നേതാവ് എവിടെയാണെന്ന് ഉയർന്ന ഉദ്യോഗസ്ഥർക്ക് പോലും അറിയില്ലെന്നും, സന്ദേശങ്ങൾ കൈമാറാൻ പ്രത്യേക ദൂതന്മാരെയാണ് ഉപയോഗിക്കുന്നതെന്നും യു.എസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Mojtaba Khamenei hiding in underground bunker with no contact with the outside world; US intelligence report says even his own officials don’t know where he is












