
വാഷിംഗ്ടൺ: യുഎസിൽ സ്ഥിരതാമസത്തിനായി ഗ്രീൻ കാർഡിന് അപേക്ഷിക്കുന്ന ആയിരക്കണക്കിന് എച്ച് വൺ-ബി (H1-B) വിസക്കാർക്ക് രാജ്യം വിടേണ്ടി വരില്ലെന്ന് യുഎസ് കുടിയേറ്റ അധികൃതരുടെ പുതിയ വിശദീകരണം. യുഎസിനുള്ളിൽ ഇരുന്ന് വിദേശ പൗരന്മാർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള സാഹചര്യങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ട് ട്രംപ് ഭരണകൂടം പുറത്തിറക്കിയ വിവാദ നയരേഖയിലാണ് ഇപ്പോൾ നിർണായകമായ തിരുത്തുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന കടുത്ത നിയന്ത്രണങ്ങൾ അമേരിക്കൻ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എന്നാൽ, രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ ദേശീയ താല്പര്യങ്ങൾക്ക് ഉതകുന്നതോ ആയ അപേക്ഷകർക്ക് ഗ്രീൻ കാർഡ് പ്രൊസസിംഗ് സമയത്ത് യുഎസിൽ തന്നെ തുടരാമെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്) വക്താവ് സാക്ക് കാഹ്‌ലർ വ്യക്തമാക്കി.
താത്കാലിക വിസയിലുള്ള ഭൂരിഭാഗം ആളുകളും ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിന് മുൻപ് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നായിരുന്നു ഭരണകൂടത്തിൻ്റെ ആദ്യ നിലപാട്. അസാധാരണ സാഹചര്യങ്ങളിലൊഴികെ വിദേശ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി അവിടെയുള്ള യുഎസ് എംബസി വഴി മാത്രമേ അപേക്ഷിക്കാവൂ എന്ന കർശന നിർദ്ദേശം വലിയ അനിശ്ചിതത്വത്തിന് വഴിമാറിയിരുന്നു. വിസ ബാക്ക്‌ലോഗ് നേരിടുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ മാസങ്ങളോളം സ്വന്തം നാട്ടിൽ കുടുങ്ങിപ്പോകാനും കുടുംബങ്ങൾ വേർപിരിയുന്നതിനും ഇത് കാരണമാകുമെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.
പതിറ്റാണ്ടുകളായി എച്ച് വൺ-ബി, എൽ-1, സ്റ്റുഡൻ്റ് വിസകളിലുള്ളവർക്ക് യുഎസിൽ തുടർന്ന് ജോലി ചെയ്തുകൊണ്ട് തന്നെ ഗ്രീൻ കാർഡിലേക്ക് മാറാനുള്ള സൗകര്യമുണ്ടായിരുന്നു. സാങ്കേതികവിദ്യ, ആരോഗ്യം, എഞ്ചിനീയറിംഗ്, ധനകാര്യം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന എച്ച് വൺ-ബി ജീവനക്കാർക്ക് ഈ പുതിയ വ്യക്തത വലിയ ആശ്വാസമാകും. നിലവിൽ യുഎസിലെ എച്ച് വൺ-ബി വിസ കൈവശമുള്ളവരിൽ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. പ്രതിവർഷം അനുവദിക്കുന്ന 85,000 എച്ച് വൺ-ബി വിസകളിൽ ഭൂരിഭാഗവും നേടുന്നത് ഇന്ത്യൻ പ്രൊഫഷണലുകളാണ്.
H1-B visa exemption? Not all visa holders will have to leave the US for the green card process, the administration has made a correction.












