മുസ്ലീം പള്ളികളില്‍ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: മുസ്ലീം പള്ളിക്കുള്ളില്‍ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. മോസ്‌കിനുള്ളില്‍ ജയ് ശ്രീറാം വിളിച്ചെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെ പൊലീസ് ചുമത്തിയ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി വിധി എത്തിയത്.

ജയ് ശ്രീറാം വിളിക്കുന്നത് ഏത് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മുസ്ലീം പള്ളിക്കുള്ളില്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന് ഐപിസി സെക്ഷന്‍ 295 എ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

കേസുമായി ബന്ധപ്പെട്ട പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് കേസിലെ പരാതിക്കാരന്‍ തന്നെ പറഞ്ഞതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്കെതിരായ തുടര്‍ നടപടികള്‍ക്ക് അനുമതി നല്‍കുന്നത് നിയമത്തിന്റെ ദുരുപയോഗമായി മാറുമെന്നും ബെഞ്ച് അടിവരയിട്ടു.

ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 447 (ക്രിമിനല്‍ അതിക്രമം), 505 (പൊതു ദ്രോഹത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 295 എ (മതവികാരം വ്രണപ്പെടുത്തല്‍) എന്നിവ ഉള്‍പ്പെടെ ചുമത്തിയിരുന്നു.

‘ജയ് ശ്രീറാം’ വിളികളോടെ 2023 സെപ്തംബര്‍ 24ന് രാത്രി 10.50 ഓടെയാണ് പ്രതികള്‍ പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയതെന്ന് പൊലീസ് ആരോപിച്ചു. ഇവര്‍ക്കെതിരെ ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിരുന്നു. എന്നാല്‍, തങ്ങള്‍ക്കെതിരായ ആരോപണങ്ങളെ ചോദ്യം ചെയ്ത് പ്രതികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide