ഉപരോധ ലംഘനക്കുറ്റത്തിന് യുകെയിൽ വിചാരണ നേരിടുന്ന ഇന്ത്യൻ ക്യാപ്റ്റൻ വെറുമൊരു ബലിയാടെന്ന് ഭാര്യ; കപ്പൽ ജീവനക്കാരെ വിട്ടയച്ചിട്ടും ക്യാപ്റ്റനെ മാത്രം തടവിലിട്ടതിൽ പ്രതിഷേധം

ലണ്ടൻ: അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഇംഗ്ലീഷ് ചാനലിൽ വെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൻ്റെ ഇന്ത്യൻ ക്യാപ്റ്റനെ അധികൃതർ ബലിയാടാക്കുകയാണെന്ന് ഭാര്യയുടെ പ്രതികരണം.

അറസ്റ്റിലായ ഉത്തരാഖണ്ഡ് സ്വദേശി ക്യാപ്റ്റൻ അജയ് പന്തിൻ്റെ (38) ഭാര്യ റിതു പന്താണ് യുകെ അധികൃതർക്കെതിരെ രംഗത്തെത്തിയത്. തൻ്റെ ഭർത്താവ് തെറ്റായ സമയത്ത് തെറ്റായ സ്ഥലത്ത് ചെന്നുപെട്ടതാണെന്നും കപ്പൽ ഉടമകളുടെ നിർദ്ദേശം പാലിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അവർ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. കഴിഞ്ഞ ജൂൺ 14-നാണ് 98,000 ടൺ എണ്ണയുമായി പോവുകയായിരുന്ന ‘സ്മിർട്ടോസ്’ എന്ന റഷ്യൻ എണ്ണക്കപ്പൽ ബ്രിട്ടീഷ് റോയൽ മറീനുകൾ ഇംഗ്ലീഷ് ചാനലിൽ വെച്ച് നാടകീയമായി പിടിച്ചെടുത്തത്.

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കെതിരെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ കപ്പൽ ലംഘിച്ചുവെന്നാണ് യുകെയുടെ ആരോപണം. കപ്പലിലുണ്ടായിരുന്ന മറ്റ് 24 ജീവനക്കാരെയും വിട്ടയച്ചെങ്കിലും ക്യാപ്റ്റൻ അജയ് പന്തിനെതിരെ യുകെ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു.15 വർഷത്തെ മികച്ച സേവന പാരമ്പര്യമുള്ള ഉദ്യോഗസ്ഥനാണ് അജയ് പന്തെന്ന് ഭാര്യ റിതു പന്ത് വ്യക്തമാക്കി.

“ഒരു കപ്പൽ ക്യാപ്റ്റൻ്റെ ജോലി ചരക്കുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നത് മാത്രമാണ്. കമ്പനി നൽകിയ നിർദ്ദേശങ്ങളാണ് അദ്ദേഹം നടപ്പാക്കിയത്. അന്താരാഷ്ട്ര രാഷ്ട്രീയത്തിൻ്റെ പേരിൽ നിരപരാധിയായ ഒരു ജീവനക്കാരനെ ക്രൂശിക്കുകയാണ്,” അവർ പറഞ്ഞു. ഉപരോധ ലംഘനവുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, ചരിത്രത്തിലാദ്യമായാണ് യൂറോപ്പിൽ ഒരു കപ്പൽ ക്യാപ്റ്റനെതിരെ വ്യക്തിപരമായി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നത്.

കുറ്റം തെളിയിക്കപ്പെട്ടാൽ പന്ത് 10 വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. നിലവിൽ ബ്രിട്ടനിലെ കസ്റ്റഡിയിലുള്ള അദ്ദേഹത്തിൻ്റെ വിചാരണ ഡിസംബർ 15-ന് ആരംഭിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ജയിലിലെത്തി അജയ് പന്തിനെ സന്ദർശിച്ചിട്ടുണ്ട്.

Indian captain on trial in UK for violating sanctions is just a scapegoat, says wife; Protest over captain being held in custody despite release of ship’s crew

More Stories from this section

family-dental
witywide