പുരോഹിതരിലും വിവരദോഷികൾ ഉണ്ടെന്നതിന്‍റെ തെളിവ്, ഗീവർഗീസ് മാർ കൂറിലോസിന്‍റെ വിമർശനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപൊലീത്തയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി, കുറിലോസിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി പി എമ്മിനെയും സർക്കാരിനെയും വിമർശിച്ച് കൂറിലോസ് ഇന്നലെ രംഗത്തുവന്നിരുന്നു. പ്രളയകാലത്തെ സഹായം കൊണ്ടും കിറ്റ് കൊടുത്തും എല്ലാക്കാലത്തും ജനങ്ങളെ ഒപ്പം നിർത്താമെന്ന് കരുതരുതെന്നാണ് കുറിലോസ് വിമർശിച്ചത്. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്നും ഇനിയും പാഠം പഠിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലേയും അവസ്ഥ വരുമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇന്നലെ പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി ഇന്ന് നൽകിയതെന്നാണ് വിലയിരുത്തൽ. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടെന്നതിന് തെളിവാണ് ആ പരമാർശമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി എ വൈകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 600 വാഗ്ദാനങ്ങളിൽ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി വിവരിച്ചു.

cm pinarayi against geevarghese mar coorilos

Also Read

More Stories from this section

family-dental
witywide