
വാഷിംഗ്ടണ്‍: തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയാല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘എനിക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാല്‍, ഡോക്ടര്‍മാര്‍ വന്ന് ‘നിങ്ങള്‍ക്ക് ഈ പ്രശ്നമുണ്ട്, ആ പ്രശ്നമുണ്ട്’ എന്ന് പറഞ്ഞാല്‍, താന്‍ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബ്ലാക്ക് മീഡിയ ഔട്ട്ലെറ്റ് ബിഇടിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനസു തുറന്നത്.
താന്‍ ആരോഗ്യവാനാണെന്നും തിരഞ്ഞെടുപ്പില്‍ മുന്നോട്ടുപോകുമെന്നും ട്രംപിനെ പരാജയപ്പെടുത്തുമെന്നും പറഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരത്തിലൊരു നിലപാടിലേക്ക് ബൈഡന്‍ ചുവടുമാറ്റിയത്.
എങ്കിലും നവംബറില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപുമായി വീണ്ടും മത്സരത്തില്‍ തുടരാനുള്ള തന്റെ തീരുമാനത്തെ ബൈഡന്‍ ന്യായീകരിക്കുകയും ചെയ്തു. ഏകദേശം മൂന്നാഴ്ച മുമ്പ് ട്രംപിനെതിരായ സംവാദം മുതല്‍ ബൈഡന്‍ രാഷ്ട്രീയ നിലനില്‍പ്പിനായി വല്ലാതെ പോരാടുകയാണ്. സംവാദത്തില്‍ ബൈഡന്റെ ക്ഷീണവും ആശയക്കുഴപ്പവും നിറഞ്ഞ പ്രകടനം അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായി. ഇതോടെ പാര്‍ട്ടിയിലെ പ്രമുഖരടക്കം ബൈഡനോട് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ദിനം പ്രതി ബൈഡനു മേലുള്ള സമ്മര്‍ദ്ദം ഏറുകയാണ്. 20 ഹൗസ് ഡെമോക്രാറ്റുകളും ഒരു സെനറ്ററും മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ട്രംപിനെ തോല്‍പ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ താനാണെന്ന് വാദിച്ച് പിടിച്ചുനില്‍ക്കുകയാണ് ബൈഡന്‍. അതേസമയം, മിക്ക സര്‍വ്വേകളും ബൈഡന്റെ പരാജയം പ്രവചിക്കുന്നുണ്ട്. അസോസിയേറ്റഡ് പ്രസ്സും NORC സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്സ് റിസര്‍ച്ചും നടത്തിയ ഒരു വോട്ടെടുപ്പില്‍ ഏകദേശം മൂന്നില്‍ രണ്ട് പേരും ബൈഡന്‍ മാറിനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.













