തന്ത്രപ്രധാനമായ സൈനിക വിവരങ്ങള്‍ ചൈനയ്ക്ക്, പകരം കിട്ടിയത് 42,000 ഡോളര്‍ ; യുഎസ് സൈനികന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: ദേശീയ പ്രതിരോധ വിവരങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയെന്നാരോപിച്ച് അമേരിക്കയില്‍ സൈനികന്‍ പിടിയിലായി. യുഎസ് ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റായ സര്‍ജന്റ് കോര്‍ബെയിന്‍ ഷുള്‍ട്സിനെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഷുള്‍ട്‌സിനെതിരായ കുറ്റപത്രത്തില്‍ സൈനിക വിവരങ്ങള്‍ ഏത് രാജ്യത്തിനാണ് കൈമാറിയതെന്ന് പരാമര്‍ശിച്ചിട്ടില്ലെങ്കിലും പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകളില്‍ അത് ചൈനയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കെന്റക്കി-ടെന്നസി അതിര്‍ത്തിയിലെ സൈനിക താവളമായ ഫോര്‍ട്ട് കാംബെല്‍ എന്ന സ്ഥലത്ത് വെച്ച് അതീവരഹസ്യമായ സുരക്ഷാ ക്ലിയറന്‍സ് നടത്തിയിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. കുറ്റപത്രം അനുസരിച്ച്, 2022 ജൂണ്‍ മുതല്‍, യുഎസ് ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകളും മാപ്പുകളും ഫോട്ടോഗ്രാഫുകളും ഷുള്‍ട്ട്‌സ് ചൈനയ്ക്ക് കൈമാറിയതായാണ് വിവരം. പ്രതിഫലമായി ഷുള്‍ട്ട്‌സിന് 42,000 ഡോളര്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും, ഹൈപ്പര്‍സോണിക് ഉപകരണങ്ങള്‍, ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം (ഹിമാര്‍സ്) എന്നിവയുമായി ബന്ധപ്പെട്ട രേഖകളും യുഎസ്, ചൈനീസ് സൈന്യത്തെക്കുറിച്ചുള്ള പഠനങ്ങളും ഷുള്‍ട്‌സ് ചോര്‍ത്തിനല്‍കിയവയില്‍ ഉള്‍പ്പെടുന്നു.

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രണ്ട് യുഎസ് നാവികരെ കാലിഫോര്‍ണിയയില്‍ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഷുള്‍ട്സും പിടിവീണത്.