ടെക്‌സസിൽ നിന്നും കാണാതായ വിശാൽ മകാനിയെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പൊലീസ്

പ്രോസ്‌പർ: ടെക്സസ്സിലെ പ്രോസ്‌പർ ഏരിയയിൽ നിന്നും കാണാതായ വിശാൽ മകാനി(25)യെ കണ്ടെത്താൻ പൊതുജന സഹായം അഭ്യർത്ഥിച്ച് പൊലീസ്. ലൂയിസ്‌വില്ലെയിലാണ് വിശാലിനെ ആവസാനമായി കണ്ടത്. വിശാലിനും അദ്ദേഹത്തിന്റ കാറിനുമായി ഊർജിതമായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

മാർച്ച് രണ്ടാം തിയതി മുതലാണ് വിശാൽ മകാനിയെ കാണാതായതെന്ന് കുടുംബം പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള വിശാലിന്റെ കൈവശം ഒരു തോക്കുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കാണാതാകുമ്പോൾ വിശാൽ നീല ജാക്കറ്റും ജീൻസും നീല ബേസ്ബോൾ തൊപ്പിയുമാണ് ധരിച്ചിരുന്നത്.

വിശാൽ മകാനിയുടെ സഹോദരി കാശിഷ് മകാനിയും ഭർത്താവും ന്യൂയോർക്കിൽ മാതാപിതാക്കളുടെയടുത്ത് എത്തിയിച്ചുണ്ട്. വിശാൽ മകാനി മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പേരിൽ രണ്ട് വർഷം മുമ്പ് സ്വമേധയാ ചികിത്സ തേടിയിരുന്നതായി കുടുംബം പറയുന്നു. വിശാലിനെ കണ്ടതായി സംശയിക്കുന്ന സഥലത്തെ സിസിടിവി ദൃശ്യങ്ങൾ കാണാൻ തങ്ങളെ അനുവദിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു.

പല മാർഗങ്ങളുപയോഗിച്ചും പ്രദേശത്ത് അന്വേഷണം നടന്നതായും എന്നാൽ കാണാതായ ആളുടെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ലൂയിസ്‌വില്ലെ പൊലീസ് പറയുന്നു. വിശാൽ മക്കാനിയെക്കുറിച്ചോ അദ്ദേഹത്തിന്‍റെ കാറിനെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലൂയിസ്‌വില്ലെ പൊലീസിനെ വിളിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.