
ലോക് സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുന്നേ തന്നെ ബിജെപിയിലേക്ക് രാഷ്ട്രീയ നേതാക്കളുടെ ഒഴുക്ക് തുടങ്ങി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനാണ് ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ മുതിർന്ന നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് ശക്തനായ മറ്റൊരു നേതാവിൻ്റെ രാജി. ചവാന് ബിജെപി രാജ്യസഭാ സീറ്റ് നൽകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചവാനുമായി ബന്ധമുള്ള 12 എംഎൽഎമാരും ഉടൻ പാർട്ടി മാറുമെന്നും സൂചനയുണ്ട്.
മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവായ കമൽനാഥും ബിജെപിയിലേക്ക് വന്നേക്കുമെന്ന് ശക്തമായ അഭ്യൂഹം നിലനിൽക്കുന്നുണ്ട്. അതിനിടെ ഇന്ത്യ സഖ്യത്തിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടർന്നുകൊണ്ടിരിക്കുകയാണ്.
അശോക് ചവാൻ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാനാ പട്ടോളെയ്ക്ക് ഇന്ന് ഒറ്റവരി രാജിക്കത്ത് കൈമാറി. പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണെന്ന് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറേയും അറിയിച്ചു. നാംദേഡ് മേഖലയില്‍ സ്വാധീനമുള്ള നേതാവാണ് അശോക് ചവാന്‍. അദ്ദേഹത്തിന്റെ വിട്ടുപോക്ക് ഈ മേഖലയില്‍ കോൺഗ്രസിനെ പ്രതിരോധത്തിലാക്കും.2008-ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് വികാസ് റാവുദേശ്മുഖ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് അശോക് ചവാന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2009 നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. 2010-ല്‍ ആദര്‍ശ് ഫ്‌ലാറ്റ് കുംഭകോണ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു.
തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.
Former Maharashtra Congress Chief Minister Ashok Chavan To Quit Congress













