വീട്ടിലേക്ക് അതിക്രമിച്ച് കടന്നയാളെ വെടിവെച്ചുകൊന്നു, അമ്മയാണെന്ന് മനസിലായത് പിന്നീട് …മകനെതിരെ കേസ്

മിസോറി: വീട്ടിലേക്ക് ആരോ അതിക്രമിച്ച് കടന്നെന്ന് മനസിലായതോടെയാണ് ജെയ്ലന്‍ എന്ന യുവാവ് വെടി ഉതിര്‍ത്തത്. എന്നാല്‍ പിന്നാലെയാണ് അത് അതിക്രമിച്ച് കടന്ന ആളല്ലെന്നും തന്റെ അമ്മയാണെന്നും ജെയ്‌ലന്‍ ജോണ്‍സണ് മനസിലായത്.

അക്രമിയെന്ന് തെറ്റിദ്ധരിച്ചാണ് അമ്മയെ അവരുടെ ഒലിവെറ്റിലെ വീട്ടില്‍ വച്ച് മകന്‍ വെടിവച്ചത്. സംഭവത്തെത്തുടര്‍ന്ന് അമ്മയായ 56 കാരി മോണിക്ക ജോണ്‍സണ്‍ നിക്കോള്‍സിനെ കൊന്നതിന് മകന്‍ ജെയ്‌ലനെതിരെ പൊലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 7:20 ഓടെയാണ് വെടിവയ്പ്പുണ്ടായത്. പതിവിനു വിപരീതമായി അമ്മ വീടിന്റെ പിന്‍വാതില്‍ വഴി അകത്തേക്ക് കടക്കുകയായിരുന്നു. അവ്യക്തമായി ആരെയോ വീടിനുപിന്നില്‍ക്കണ്ട ജെയ്‌ലന്‍ പെട്ടന്നാണ് വെടിഉതിര്‍ത്തത്. പിന്നീട് അമ്മയാണെന്ന് മനസിലാക്കിയതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും മെഡിക്കല്‍ സംഘവും എത്തി പരിശോധിച്ചപ്പോള്‍ മോണിക്ക മരിച്ചതായി കണ്ടെത്തുകയായിരുന്നു. 25 കാരനായ ജെയ്ലന്‍ ജോണ്‍സണെതിരെ നരഹത്യ, സായുധ ക്രിമിനല്‍ നടപടി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.