റിയാദ്/വാഷിങ്ടൺ: യെമനിലെ ഹൂതി വിമതർ ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ. തുടർച്ചയായി 12-ാം രാത്രിയും അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുകയും ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തതിനിടയിലാണ് ആക്രമണവുമായി ഹൂതികളും രംഗത്തെത്തിയിരിക്കുന്നത്.
‘എൻസെലിയ’, ‘ലയ്ല’ എന്നീ സൗദി എണ്ണക്കപ്പലുകളെയാണ് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചു. സമുദ്ര ഉപരോധം ലംഘിച്ചതിനാലാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. എൻസെലിയ കപ്പലിന് തീപിടിച്ചതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സൗദി പ്രതികരിച്ചു.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഇറാന്റെ നാവിക സൈനിക കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണശാലകൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അമേരിക്ക വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ ഇറാനിലെ പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ചെങ്കടലിൽ ഉപരോധം ഏർപ്പെടുത്താൻ ഹൂത്തികൾ ശ്രമിച്ചാൽ അവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) അവകാശപ്പെട്ടു. കടലിടുക്കിലെ സ്ഫോടനത്തെ തുടർന്ന് ഒരു എണ്ണക്കപ്പലിന് തീപിടിക്കുകയും രണ്ട് കപ്പലുകൾ യാത്ര നിർത്തി മടങ്ങുകയും ചെയ്തതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈത്ത്, ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിലും വ്യോമ ഭീഷണി ഉയർന്നതായി റിപ്പോർട്ടുണ്ട്. ഈ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ശത്രു ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി കുവൈത്ത് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെട്ട സാഹചര്യത്തിൽ സൗദി എണ്ണ കയറ്റുമതിക്ക് ചെങ്കടൽ പ്രധാന ബദൽ പാതയായി മാറിയിരുന്നു. എന്നാൽ ഹൂതികളുടെ പുതിയ ആക്രമണം ആഗോള എണ്ണവിതരണത്തെയും അന്താരാഷ്ട്ര ചരക്കുകപ്പൽ ഗതാഗതത്തെയും വീണ്ടും പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ.
Houthis claim attack on oil tankers as US launches more strikes on Iran














