മോദിയെന്ന് ജപിച്ച് നടക്കുന്ന ഭര്‍ത്താവിന് അത്താഴം വിളമ്പരുത്: കെജ്രിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ജപിച്ചാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് അത്താഴം വിളമ്പരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

‘പല പുരുഷന്മാരും പ്രധാനമന്ത്രി മോദിയുടെ പേര് ജപിച്ച് നടക്കുന്നുവെന്നും, നിങ്ങള്‍ അത് ശരിയാക്കണമെന്നും നിങ്ങളുടെ ഭര്‍ത്താവ് മോദിയുടെ പേര് ജപിച്ചാല്‍, നിങ്ങള്‍ അദ്ദേഹത്തിന് അത്താഴം വിളമ്പില്ലെന്ന് പറയണമെന്നുമാണ് കെജ്രിവാള്‍ പറഞ്ഞത്. ഡല്‍ഹിയില്‍ ‘മഹിളാ സമ്മാന് സമരോ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് കെജ്രിവാളിന്റെ വാക്കുകള്‍ എത്തിയത്. 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1,000 രൂപ നല്‍കുന്ന പദ്ധതി 2024-25 ലെ ബജറ്റില്‍ പ്രഖ്യാപിച്ചതിന് ശേഷം സ്ത്രീകളുമായി സംവദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു ‘മഹിളാ സമ്മാന് സമരോ’.

തന്നെയും ആം ആദ്മി പാര്‍ട്ടിയെയും പിന്തുണയ്ക്കുമെന്ന് അവരുടെ കുടുംബാംഗങ്ങളോട് സത്യം ചെയ്യാന്‍ ആവശ്യപ്പെടണമെന്ന് പറഞ്ഞ കെജ്രിവാള്‍ നിങ്ങളുടെ സഹോദരന്‍ കെജ്രിവാള്‍ മാത്രമേ നിങ്ങളോടൊപ്പം നില്‍ക്കൂ’ എന്ന് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് പറയണമെന്നും ആവശ്യപ്പെട്ടു.

‘ഞാന്‍ വൈദ്യുതി സൗജന്യമാക്കി, അവരുടെ ബസ് ടിക്കറ്റുകള്‍ സൗജന്യമാക്കിയെന്ന് അവരോട് പറയൂ, ഇപ്പോള്‍ ഞാന്‍ സ്ത്രീകള്‍ക്ക് 1000 രൂപ മാസം തോറും നല്‍കുന്നുണ്ട്. ബിജെപി അവര്‍ക്കായി എന്താണ് ചെയ്തത്? പിന്നെ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്? ഇത്തവണ കെജ്രിവാളിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം സ്ത്രീകളോട് ആവശ്യപ്പെട്ടു.