പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ മദ്യപിച്ച് സഭയിലെത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സമ്മേളനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മുഖ്യമന്ത്രി മദ്യപിച്ചാണ് എത്തിയതെന്ന് ആരോപിച്ച കോൺഗ്രസ് എംഎൽഎമാർ, സഭയിലുള്ളവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആൽക്കോ-മീറ്റർ ടെസ്റ്റ് നടത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു.
കുടിച്ച് ലക്കുകെട്ട മുഖ്യമന്ത്രി എത്തുന്ന സഭയിൽ ഇരുന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്ക് അപമാനമാണെന്നും സഭയിലെ എല്ലാ അംഗങ്ങളെയും ഉടനടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം സ്പീക്കർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ശിരോമണി അകാലിദളും സമാനമായ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ ആരോപണങ്ങളെ ആം ആദ്മി പാർട്ടി പൂർണ്ണമായും നിഷേധിച്ചു. തൊഴിലാളികൾക്കായി സംഘടിപ്പിച്ച പ്രത്യേക സമ്മേളനം അലങ്കോലപ്പെടുത്താനുള്ള കോൺഗ്രസിന്റെ ബോധപൂർവ്വമായ നീക്കമാണിതെന്ന് എഎപി പ്രതികരിച്ചു. സഭയുടെ അന്തസ്സ് നിലനിർത്തണമെന്നും അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ സഭയിൽ അഭ്യർത്ഥിച്ചു. ബിജെപിയിൽ ചേർന്ന മുൻ എഎപി നേതാവ് സ്വാതി മലിവാളും മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
High Drama in Punjab Assembly Over Allegations Against CM Bhagwant Mann












